കൈയേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി എസ്‍ബിഐ ഒഡിഷ ശാഖയുടെ സ്റ്റെയര്‍കേസ് പൊളിച്ചുമാറ്റി; ബാങ്കിലെത്താൻ ഏണി കയറി ഉപഭോക്താക്കൾ
എസ്‌ബിഐ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ മുൻഭാഗവും അതിന്‍റെ പടിക്കെട്ടുകളും കയ്യേറ്റ ഭൂമിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം
ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക്കിൽ നിന്നുള്ള വിചിത്രമായ ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ശാഖയുടെ സ്റ്റെയര്‍ കേസ് പൊളിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഒരു ട്രാക്ടറിന് മുകളിൽ ഏണി സ്ഥാപിച്ച് അതിൽ കയറിയാണ് ഉപഭോക്താക്കൾ ബാങ്കിലേക്ക് എത്തുന്നത്. എക്സിൽ പങ്കിട്ട വീഡിയോ ഉപഭോക്താക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുകയാണ്.
ചരമ്പ മാർക്കറ്റ് മുതൽ ഭദ്രക് റെയിൽവേ സ്റ്റേഷൻ വരെയുള്ള അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വ്യാപക കൈയേറ്റം വിരുദ്ധ പ്രവർത്തനത്തിനിടെയാണ് കെട്ടിടം പൊളിച്ചുമാറ്റിയതെന്ന് ഒഡിഷ ടിവി റിപ്പോർട്ട് ചെയ്തു. നിരവധി താൽക്കാലിക നിർമാണങ്ങൾ, കടകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഭാഗങ്ങൾ എന്നിവ പൊളിച്ചുമാറ്റി. എസ്‌ബിഐ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ മുൻഭാഗവും അതിന്‍റെ പടിക്കെട്ടുകളും കയ്യേറ്റ ഭൂമിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
ഇടപാടുകാർ ബ്രാഞ്ചിലേക്ക് പ്രവേശിക്കാൻ താൽക്കാലികമായി നിർമിച്ച ഒരു വഴിയിലൂടെ കയറാൻ പാടുപെടുന്നതും ഒരു ട്രാക്ടറിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഗോവണിയും ദൃശ്യങ്ങളിൽ കാണാം. ഈ ക്രമീകരണം സുരക്ഷിതമല്ലാത്തതും ഉപഭോക്താക്കളെ അപമാനിക്കുന്നതാണെന്നും നിരവധി പേര്‍ വിമര്‍ശിച്ചു. കൈയേറ്റം സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും ബാങ്കിനും ആവർത്തിച്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സബ് കലക്ടർ, തഹസിൽദാർ, മറ്റ് ജില്ലാ അധികാരികൾ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊളിച്ചുമാറ്റൽ നടത്തിയത്. ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാതെ ഒരു പൊതുമേഖലാ ബാങ്കിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് നെറ്റിസണ്‍സ് ചോദിച്ചു. അതിനിടെ ശനിയാഴ്ച പുതിയ പടിക്കെട്ടുകൾ സ്ഥാപിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.