ഓഫീസുകളിലെ റെയ്ഡ്: രാഷ്ട്രീയപ്പാർട്ടികളെ ഭയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിന്റെ ഭാഗം-എസ്ഡിപിഐ
ജനാധിപത്യ വിരുദ്ധമായ രീതിയിൽ കേന്ദ്ര സർക്കാർ പാർട്ടിക്കെതിരെ നടത്തുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി പറഞ്ഞു.
ന്യൂഡൽഹി: എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികളെ ഭയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി. രാജ്യത്ത് ഫാഷിസ്റ്റുകൾ സൃഷ്ടിച്ച അരാജകത്വത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് റെയ്ഡ് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രക്ഷോഭങ്ങൾ നടത്തുന്നതിനും എസ്ഡിപിഐ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റെയ്ഡുകൾ, അറസ്റ്റുകൾ, വ്യാജ ആരോപണങ്ങൾ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയിലൂടെ ഇതിനെ ഇല്ലാതാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യവിരുദ്ധമായ രീതിയിൽ കേന്ദ്ര സർക്കാർ പാർട്ടിക്കെതിരെ നടത്തുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും മുഹമ്മദ് ഷാഫി പ്രസ്താവനയിൽ പറഞ്ഞു.