'യുപിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി

വോട്ടിംഗ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ച വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി

Update: 2022-03-09 15:19 GMT
Advertising

ഉത്തർപ്രദേശിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ബിജെപി കടത്തിക്കൊണ്ടുപോയതായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചതിന്റെ പിറ്റേന്നാണ് ബിജെപിയുടെ ഇടപെടൽ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്തുന്നതായും അഖിലേഷ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച അഖിലേഷിനെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും നടപടി സ്വീകരിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെട്ടു.

വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്തുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തർപ്രദേശിൽ ബി.ജെ.പി പരാജയപ്പെടാൻ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മന്ദഗതിയിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയതായും അഖിലേഷ് ആരോപിച്ചു. അതേസമയം, വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. വാരണാസിയിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ട്രക്കിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിൻറേതെന്ന് കരുതുന്ന ദ്യശ്യങ്ങൾ സമാജ്‌വാദി പാർട്ടി അനുയായികൾ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, പരിശീലന ആവശ്യങ്ങൾക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ''ചില രാഷ്ട്രീയ പാർട്ടികൾ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇവിഎമ്മുകൾ എല്ലാം സി.ആർ.പി.എഫിൻറെ കൈവശമുള്ള സ്ട്രോങ് റൂമിൽ അടച്ചിരിക്കുകയാണ്. സിസി ടിവി നിരീക്ഷണത്തിലാണ് അത്. മാണ്ഡി വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോറേജ് ഏരിയയിൽ നിന്ന് പ്രാദേശിക കോളേജിലേക്കാണ് ഇവിഎമ്മുകൾ കൊണ്ടുപോയത്'' ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ പറഞ്ഞു. രണ്ടോ മൂന്നോ വാഹനങ്ങളിലാണ് കടത്തിയതെന്ന് ചിലർ പറഞ്ഞു. എന്നാൽ ഇവിടെയും ക്യാമ്പസിലുടനീളം സിസി ടിവി ഉണ്ട്. ആർക്കും അത് (ഫൂട്ടേജ്) പരിശോധിക്കാം, അതിനാൽ ഈ വിഷയം ഇവിടെ അവസാനിക്കുന്നു'' കൗശൽ രാജ് കൂട്ടിച്ചേർത്തു. എന്നാൽ വാർത്താസമ്മേളനത്തിൽ ഈ അവകാശവാദങ്ങളെ അഖിലേഷ് ശക്തമായി എതിർത്തു. സംശയാസ്പദമായ പ്രവർത്തനങ്ങളൊന്നും നടന്നില്ലെങ്കിൽ, ഇവിഎമ്മുകളുള്ള രണ്ട് ട്രക്കുകൾ എങ്ങനെയാണ് രക്ഷപ്പെട്ടത്? സ്ഥാനാർത്ഥികളുടെ സമ്മതമില്ലാതെ നിങ്ങൾക്ക് എവിടെയും ഇവിഎമ്മുകൾ നീക്കാൻ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. 2017-ൽ 50ഓളം സീറ്റുകളിൽ ബി.ജെ.പിയുടെ വിജയമാർജിൻ 5000ത്തിൽ താഴെ മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News