ബി.എസ് യെദിയൂരപ്പക്ക് എതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന ഹരജി കർണാടക ഹൈക്കോടതി തള്ളി
അത്യാവശ്യ ഘട്ടത്തിലല്ലാതെ യെദിയൂരപ്പയെ വിളിച്ചുവരുത്തരുതെന്ന് കോടതി നിർദേശിച്ചു
Update: 2025-11-13 12:24 GMT
ബംഗളൂരു: പോക്‌സോ കേസിൽ ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്ക് തിരിച്ചടി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ തുടരാമെന്നും കോടതി പറഞ്ഞു.
എന്നാൽ അത്യാവശ്യ ഘട്ടത്തിലല്ലാതെ യെദിയൂരപ്പയെ വിളിച്ചുവരുത്തരുതെന്ന് കോടതി നിർദേശിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
2024 ഫെബ്രുവരി രണ്ടിന് നേരത്തെ ലൈംഗികാതിക്രമം നേരിട്ടതുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിന് മാതാവിനൊപ്പം സഹായം തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതാണ് യെദിയൂരപ്പക്ക് എതിരായ പരാതി. കുട്ടിയുടെ മാതാവ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് മരിച്ചിരുന്നു.