പറന്നുയര്‍ന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ പിന്‍ചക്രം ഊരിപ്പോയി; ജാഗ്രതാനിര്‍ദേശത്തിന് പിന്നാലെ അടിയന്തര ലാന്‍ഡിങ് ,വിഡിയോ പുറത്ത്
ഗുജറാത്തിലെ കാണ്ട്‌ല വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്
മുംബൈ: വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷം ചക്രം ഊരിപ്പോയതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം എമർജെൻസി ലാന്‍ഡിങ് ചെയ്തു. വിമാനത്തിന്‍റെ പിൻചക്രമാണ് ഊരിപ്പോയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും കമ്പനി അറിയിച്ചു.75പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വെള്ളിയാഴ്ചയാണ് ഉച്ചയ്ക്ക് 2.39 ന് ഗുജറാത്തിലെ കാണ്ട്‌ല വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ പിന്‍ ചക്രമാണ് ഊരിപ്പോയത്. റൺവേയില്‍ നിന്ന്പറന്നുയരുമ്പോൾ ടവർ കൺട്രോളർ വിമാനത്തിൽ നിന്ന് ഒരു വലിയ കറുത്ത കഷണം താഴേക്ക് വീഴുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അത് പിന്‍ചക്രമാണെന്ന് മനസിലായത്. തുടര്‍ന്ന് ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽ 3.51 ന് അടിയന്തര ജാഗ്രതാ നിര്‍ദേശവും നല്‍കി.
തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. മുംബൈയിൽ സുരക്ഷിതമായി തന്നെ വിമാനം ലാന്‍ഡ് ചെയ്തെന്നും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
കാണാതായ ചക്രം പിന്നീട് കണ്ട്‌ല വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. വിമാനത്തില്‍ നിന്ന് ചക്രം ഊരിപ്പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.യാത്രക്കാരന്‍ പകര്‍ത്തിയ വിഡിയോ എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വിമാനത്തിന്റെ വലതുവശത്തുള്ള രണ്ട് ചക്രത്തിലൊന്നാണ് ഊരിപ്പോയത്.ഒരു ചക്രം നഷ്ടപ്പെട്ടാൽ വിമാനം ലാൻഡിംഗ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറാൻ സാധ്യത ഏറെയാണ്. എന്നാല്‍ അപകടമൊന്നുമില്ലാതെ യാത്രക്കാരെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു.