തെലങ്കാനയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു

കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമിനേനി രാമറാവുവാണ് കൊല്ലപ്പെട്ടത്

Update: 2025-10-31 14:37 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ പ്രഭാത നടത്തത്തിനിടെ സിപിഎം നേതാവ് കൊല്ലപ്പെട്ടു. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമിനേനി രാമറാവുവാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിന്തകാനി മണ്ഡലത്തിലുള്ള പത്തർലപാടു ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

പ്രഭാത നടത്തത്തിന് ഇറങ്ങിയ രാമറാവുവിനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം പൊലീസ കമ്മീഷണർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Advertising
Advertising

രാമറാവു രണ്ട് തവണ കർഷക അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. പത്തർലപാടു ഗ്രാമത്തിലെ സർപഞ്ച് സ്ഥാനവും വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പൊറ്റിനേനി സുദർശൻ, പൊന്നം വെങ്കിടേശ്വര റാവു ഉൾപ്പെടെയുള്ള നേതാക്കൾ രാമറാവുവിന്റെ വീട്ടിലെത്തി.

തെലങ്കാനയിലെ മുതിർന്ന സിപിഎം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സിപിഎം കേരള സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

മൂന്ന് പതിറ്റാണ്ടോളം പട്ടർലപ്പാട്ട് ഗ്രാമത്തിലെ സർപഞ്ചായിരുന്ന അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു. അതിൽ വിറളിപൂണ്ട കോൺഗ്രസ് അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജനകീയരായ നേതാക്കളെയും പ്രവർത്തകരെയും കൊന്നുതള്ളി ജനാധിപത്യം അട്ടിമറിക്കാമെന്ന വികലചിന്തയാണ് ഇത്തരം ഹീനകൃത്യങ്ങൾക്ക് പിന്നിൽ. കൊലക്കത്തി രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ കോൺഗ്രസ് തയ്യാറാകണം. രാമറാവുവിനെ ക്രൂരമായി കൊലപ്പെടുത്തിയവരെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കാനും തക്കതായ ശിക്ഷ ഉറപ്പാക്കാനും തെലങ്കാന സർക്കാർ തയ്യാറാകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News