പോപുലർ ഫ്രണ്ടിനെതിരായ അടിച്ചമർത്തൽ മുസ്‌ലിം വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടി: തോൽ തിരുമാവളവൻ എം.പി

ബിജെപി അധികാരത്തിലെത്തിയത് മുതൽ പോപുലർ ഫ്രണ്ടിനെയും എസ്ഡിപിഐയേയും തീവ്രവാദ മുദ്ര കുത്തി ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് തിരുമാവളവൻ എം.പി പറഞ്ഞു.

Update: 2022-09-23 15:30 GMT
Advertising

ചെന്നൈ: പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംഘടനയുടെ ഓഫീസുകളിലും റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത എൻഐഎ നടപടിയെ അപലപിച്ച് വിടുതലൈ ചിരുതൈഗൾ കട്ച്ചി (വിസികെ) നേതാവും എം.പിയുമായ തോൽ തിരുമാവളവൻ. കേന്ദ്ര ഏജൻസികളുടെ നടപടി ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും ജനാധിപത്യ രീതിയിൽ പരസ്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ സംഘടനകളുടെ പ്രധാന നേതൃത്വവും കേഡറുകളും മുസ്ലിംകളുടേതാണെങ്കിലും, എല്ലാ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെയും ക്ഷേമത്തിനായി ഈ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയത് മുതൽ ഈ രണ്ട് പാർട്ടികളെയും തീവ്രവാദ സംഘടനകളെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. സമാന്തര രാഷ്ട്രീയ പാർട്ടികളെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്തകാലത്ത് നടന്ന റെയ്ഡുകളിൽ നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. അത്തരം നീക്കങ്ങൾ മുസ്‌ലിംകൾക്കെതിരെ മാത്രമല്ല മുഴുവൻ ജനാധിപത്യ ശക്തികൾക്കുമെതിരാണ്. ഇത്തരം ന്യൂനപക്ഷ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച പുലർച്ചെ രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയ എൻഐഎ നൂറിലധികം നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽനിന്ന് 25 പേരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് (5), അസം (9), ഡൽഹി (3), കർണാടക (20), മധ്യപ്രദേശ് (4), മഹാരാഷ്ട്ര (20), പുതുച്ചേരി (3), രാജസ്ഥാൻ (2), തമിഴ്‌നാട് (10), ഉത്തർപ്രദേശ് (8) എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News