Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അഹമദാബാദ്: ഗുജറാത്തിലെ അഹമദാബാദ് നഗരത്തിലെ ചന്ദോല തടാക പരിസരത്ത് 2025 ഏപ്രിൽ 28 മുതൽ ആയിരക്കണക്കിന് മുസ്‌ലിം വീടുകൾ പൊളിച്ചുമാറ്റിയതിനെ തുടർന്ന് അനേകായിരം ജനങ്ങൾ തെരുവിൽ കഴിയുന്നു. 'അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ' എന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകൾ ഗുജറാത്ത് സർക്കാർ 'ദേശീയ സുരക്ഷ'യുടെ പേര് പറഞ്ഞാണ് തകർത്തത്. എന്നാൽ ഈ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള 'ബുൾഡോസർ ജസ്റ്റിസ്' ആണെന്നും മനുഷ്യവകാശ സംഘടനകൾ ചൂണ്ടികാണിക്കുന്നു.
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗുജറാത്ത് പൊലീസ് 'അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ' എന്നാരോപിച്ച് ചന്ദോല തടാക പരിസരത്തെ മുസ്‌ലിംകൾക്കെതിരെ വ്യാപകമായ കുടിയിറക്കൽ ആരംഭിച്ചത്. ഏപ്രിൽ 26-ന് പുലർച്ചെ 3 മണിക്ക് ആരംഭിച്ച ഓപ്പറേഷനിൽ അഹമദാബാദിൽ 890 പേരും, സൂറത്തിൽ 134 പേരും, വഡോദരയിൽ 200 പേരും ഉൾപ്പടെ 6,500-ലധികം പേരെ 'അനധികൃത കുടിയേറ്റക്കാർ' എന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തു.
ചന്ദോല തടാക പരിസരത്തെ സിയാസത്‌നഗർ, ബംഗാളി വാസ് എന്നീ പ്രദേശങ്ങളിലെ 4,000-ത്തിലധികം വീടുകളും കടകളും ഏപ്രിൽ 29-ന് ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. പലിശ വ്യാപാരം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, അൽ-ക്വയ്ദയുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളുടെ പേര് പറഞ്ഞാണ് ഈ നടപടികളെ സർക്കാർ ന്യായീകരിച്ചത്. എന്നാൽ കസ്റ്റഡിയിലെടുത്ത 6,500 പേരിൽ 450 പേർ മാത്രമാണ് ബംഗ്ലാദേശി പൗരന്മാരായി തിരിച്ചറിയപ്പെട്ടത്. ബാക്കിയുള്ളവർ പ്രധാനമായും ഇന്ത്യൻ മുസ്‌ലിംകളും രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുമാണ്.
അഹമദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) നേതൃത്വത്തിൽ നടന്ന ഈ ഡെമോളിഷൻ ഡ്രൈവിനെ 'ദേശീയ സുരക്ഷ'ക്കും 'പരിസ്ഥിതി സംരക്ഷണ'ത്തിനും വേണ്ടിയുള്ള നടപടിയായാണ് സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ ഡെമോളിഷന് മുമ്പ് താമസക്കാർക്ക് മതിയായ നോട്ടീസ് നൽകിയില്ലെന്നും പുനരധിവാസത്തിനുള്ള ഒരു ക്രമീകരണവും നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. ഗുജറാത്ത് ഹൈക്കോടതി ഏപ്രിൽ 29-ന് താമസക്കാരുടെ ഹർജി തള്ളിക്കൊണ്ട് സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് ആവശ്യമില്ലെന്ന് വിധിച്ചു.
മനുഷ്യാവകാശ സംഘടനകളായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും ഈ നടപടിയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 2024 നവംബറിൽ സുപ്രിം കോടതി നിഷ്‌കർഷിച്ച മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് ഈ ഡെമോളിഷനുകൾ നടന്നതെന്ന് അവർ ആരോപിക്കുന്നു. 15 ദിവസത്തെ മുൻകൂർ നോട്ടീസ് ഡെമോളിഷന്റെ കാരണം വ്യക്തമാക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. മാത്രമല്ല 219 സ്ത്രീകളും 214 കുട്ടികളും ഉൾപ്പെടെ 890 പേരെ 4 കിലോമീറ്റർ ദൂരത്തേക്ക് 'പൗരത്വ പരിശോധനയുടെ' ഭാഗമായി നഗരത്തിലൂടെ 'പരേഡ്' ചെയ്യിച്ചതും വിവാദമായി.
ചന്ദോല തടാക പരിസരത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവർ തങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഉണ്ടെന്നും ഇന്ത്യൻ പൗരന്മാരാണെന്നും വാദിക്കുന്നു. 'ഞങ്ങൾ ബംഗ്ലാദേശികൾ അല്ല. ഇവിടെ ജനിച്ചവരാണ്. എന്തിനാണ് ഞങ്ങളെ ബംഗ്ലാദേശിലേക്ക് അയക്കുന്നത്?' എന്ന് ഒരു താമസക്കാരൻ ചോദിച്ചു. ഡെമോളിഷനിൽ വീടുകളും കടകളും നഷ്ടപ്പെട്ട പലരും തെരുവിൽ, കൊടും ചൂടിൽ, ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുകയാണ്. 'എന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. മകളെ ഒരു ഷെൽട്ടറിലേക്ക് മാറ്റി. എന്റെ 17 വയസുള്ള മകനെ മറ്റൊരു പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചു. മൂന്ന് ദിവസം ഞങ്ങൾക്ക് പരസ്പരം വിവരമൊന്നും ലഭിച്ചില്ല.' ഖാലിദ് മുഹമ്മദ് എന്ന താമസക്കാരൻ പറഞ്ഞു.
ഗുജറാത്തിലെ മൈനോറിറ്റി കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ മുജാഹിദ് നഫീസ് ഈ നടപടിയെ 'മനുഷ്യത്വരഹിതം' എന്ന് വിശേഷിപ്പിച്ചു. 'ഈ പ്രദേശത്ത് 40 വർഷത്തിലധികമായി താമസിക്കുന്നവരാണ് ഇവർ. പുനരധിവാസത്തിനുള്ള ഒരു ക്രമീകരണവും ഇല്ലാതെയാണ് വീടുകൾ പൊളിച്ചത്.' മുജാഹിദ് നഫീസ് പറഞ്ഞു. ഡെമോളിഷന് ശേഷം എഎംസി ഒരു വർഷത്തിനുള്ളിൽ പുതിയ വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ വീടുകൾക്ക് 3 ലക്ഷം രൂപ വില വരുമെന്നും എല്ലാവർക്കും അർഹത ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ഞങ്ങൾക്ക് ഭക്ഷണത്തിന് പോലും പണമില്ല. പിന്നെ എങ്ങനെയാണ് 3 ലക്ഷം രൂപയുടെ വീട് വാങ്ങുക?' ഖാലിദ് ചോദിച്ചു.
ഈ ഡെമോളിഷൻ ഡ്രൈവിന്റെ പശ്ചാത്തലത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള 'ബുൾഡോസർ ജസ്റ്റിസ്' എന്ന ആശയം വിമർശനത്തിന് വിധേയമാണ്. 2024-ൽ ബംഗ്ലാദേശിൽ ഷേഖ് ഹസീനയുടെ സർക്കാർ താഴെ വീണതിനെ തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായതും ഈ നടപടികൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകൾ, ഈ ഡെമോളിഷനുകൾ മുസ്‌ലിം വിഭാഗത്തിനെതിരായ വിവേചനപരമായ നയങ്ങളുടെ ഭാഗമാണെന്ന് ആരോപിക്കുന്നു. 'ദേശീയ സുരക്ഷ' എന്ന പേര് പറഞ്ഞ് നടത്തുന്ന ഈ നടപടികൾ മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.