മറാത്തി സംസാരിക്കാത്തതിന്‍റെ പേരിൽ ട്രെയിനിൽ ക്രൂരമർദനം; 19കാരൻ ജീവനൊടുക്കി, ഭാഷയുടെ പേരിൽ ഉദ്ധവ് വിഷം പടര്‍ത്തുന്നുവെന്ന് ബിജെപി

ഹിന്ദി സംസാരിച്ചതിന്‍റെ പേരിൽ ലോക്കൽ ട്രെയിനിൽ വച്ച് മകൻ ക്രൂരമര്‍ദനത്തിനിരയായതായി പിതാവ് ജിതേന്ദ്ര ഖൈരെ വെളിപ്പെടുത്തി

Update: 2025-11-22 04:28 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: മഹാരാഷ്ട്രയിൽ ഭാഷാതര്‍ക്കം തുടരുന്നതിനിടെ മറാത്തി സംസാരിക്കാത്തതിന്‍റെ പേരിൽ 19 കാരന് ക്രൂരമര്‍ദനം, ഇതിന് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കുകയും ചെയ്തു. ഒന്നാം വർഷ സയൻസ് വിദ്യാർഥിയായ അർണവ് ഖൈരെയാണ് ചൊവ്വാഴ്ച വൈകുന്നേരം കല്യാൺ ഈസ്റ്റിലെ തന്റെ അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്തത്.

ഹിന്ദി സംസാരിച്ചതിന്‍റെ പേരിൽ ലോക്കൽ ട്രെയിനിൽ വച്ച് മകൻ ക്രൂരമര്‍ദനത്തിനിരയായതായി പിതാവ് ജിതേന്ദ്ര ഖൈരെ വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ തിരക്കേറിയ ട്രെയിനിൽ കോളജിലേക്ക് പോകുമ്പോൾ, അർണവ് യാത്രക്കാരനോട് ദയവായി ഒന്ന് മുന്നോട്ട് നീങ്ങുമോ എന്ന് ഹിന്ദിയിൽ ചോദിച്ചു. ഉടൻ തന്നെ ട്രെയിനിലുണ്ടായിരുന്ന ഒരു സംഘം അർണവിന് നേർക്ക് തിരിഞ്ഞു. ‘നിനക്ക് മറാത്തി സംസാരിക്കാൻ അറിയില്ലേ? മറാത്തി സംസാരിക്കാൻ നിനക്ക് നാണമുണ്ടോ?’ എന്ന് ചോദിച്ച് അർണവിനെ മർദിക്കാൻ തുടങ്ങി.

Advertising
Advertising

സംഭവത്തെ തുടർന്ന് ഭയന്നുപോയ അർണവ്, കോളേജിലേക്ക് പോകാനുള്ള സ്റ്റേഷനിൽ ഇറങ്ങാതെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. പിന്നീട് വീട്ടിലേക്ക് വിളിച്ച അർണവ് പിതാവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു. കുറെ ആളുകൾ ചേർന്ന് തന്നെ ക്രൂരമായി തല്ലിയെന്നും താൻ വല്ലാതെ ഭയന്നുപോയെന്നും അർണവ് ഫോണിലൂടെ പറഞ്ഞതായി ജിതേന്ദ്ര ഖൈരെ അറിയിച്ചു. അടിയും ഭയവും കാരണം ഛർദ്ദിക്കാൻ വന്ന അർണവ് കോളേജിൽ പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വൈകുന്നേരം വീട്ടിലെത്തിയ പിതാവ് വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അര്‍ണവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സംഭവം വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ചിട്ടുണ്ട്. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും എംഎൻഎസ് നേതാവ് രാജ് താക്കറെയും പൊതുജനങ്ങളിൽ വിഷം പടര്‍ത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ''ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമാണ്, പോരാട്ടമല്ല. ഒരു മറാത്തി വ്യക്തിക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിന് ആരും ഉദ്ധവിനും രാജ് താക്കറെക്കും മാപ്പ് നൽകില്ല," മുംബൈ ബിജെപി പ്രസിഡന്‍റ് അമീത് സതം പറഞ്ഞു.

എന്നിരുന്നാലും, ശിവസേന (യുബിടി) നേതാവ് കിഷോർ പെഡ്‌നേക്കർ സംഭവത്തെ അപലപിക്കുകയും പ്രതികൾക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. "എന്തായാലും സംഭവിച്ചത് തെറ്റാണ്. ഞങ്ങൾ ഇതിനെ അപലപിക്കുന്നു. വിദ്യാര്‍ഥിയെ ആക്രമിച്ചവർ, അവർ മറാത്തികളായാലും, ശിക്ഷിക്കപ്പെടണം," പെഡ്‌നേക്കർ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ കോൺഗ്രസ് ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. "വിദ്വേഷം പ്രചരിപ്പിക്കുന്നതിനുപകരം ജോലികളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന്" പാർട്ടി നേതാവ് വർഷ ഗെയ്ക്‌വാദ് പറഞ്ഞു. സംഭവത്തോട് പ്രതികരിച്ചുകൊണ്ട്, ഭാഷയെച്ചൊല്ലിയുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ ഒരു നിയമം നിർമിക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News