വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയെന്ന കേസ്; മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ്
തമിഴ്‌നാട്ടിലെ ശിവഗംഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
Update: 2025-07-18 16:47 GMT
ചെന്നൈ: മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ് വിധിച്ച് തമിഴ്‌നാട്ടിലെ ശിവഗംഗ കോടതി. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളിൽ അഞ്ച് വർഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആദ്യമായാണ് ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്.
2015 മേയിൽ അറസ്റ്റിലായത് മുതൽ രൂപേഷ് ജയിലിലാണ്. കേരളത്തിലും കർണാടകയിലും സമാനമായ കേസുകളിൽ രൂപേഷിനെ വെറുതെവിട്ടിരുന്നു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി രൂപേഷിനെതിരെ 16 കേസുകൾ നിലവിലുണ്ട്.