17 ദിവസങ്ങൾക്ക് ശേഷം ചെന്നൈയിലെ ടിവികെ ആസ്ഥാനം തുറന്നു
സെപ്തംബര്‍ 27നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്
വിജയ് Photo-X
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ചെന്നൈയിലെ ആസ്ഥാനം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കരൂര്‍ ദുരന്തത്തിന് പിന്നാലെ 17 ദിവസം അടച്ചുകിടന്ന ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള പന്നയൂരിലെ ഓഫീസാണ് ചൊവ്വാഴ്ച വീണ്ടും തുറന്നത്.
സെപ്തംബര്‍ 27നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. എന്നാൽ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ വിജയ് കൂട്ടാക്കിയില്ല എന്ന വിമർശനവും ഉയർന്നിരുന്നു.
പിന്നാലെ ഇരകളായവരോടുള്ള ആദരസൂചകമായി പാര്‍ട്ടിയുടെ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. അതേസമയം പാര്‍ട്ടി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് നിലവില്‍ പട്ടിണപ്പാക്കത്തുള്ള വസതിയിലാണെന്നാണ്. പ്രധാനപ്പെട്ട നേതാക്കളുമായുള്ള ആഭ്യന്തര ചര്‍ച്ചകള്‍ ഇവിടെ പുരോഗമിക്കുകയാണെന്നാണ് സൂചന.
ഇതിനിടെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ വ്യക്തമാക്കി. സുപ്രിംകോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണക്കാനുള്ള തീരുമാനം പാർട്ടി പ്രഖ്യാപിക്കുന്നത്.