നദിയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃത​ദേ​ഹം; ഒഡീഷയിൽ രണ്ട് ഗ്രാമത്തിലുള്ളവർ തമ്മിൽ സംഘർഷം

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

Update: 2025-12-10 10:37 GMT
Editor : rishad | By : Web Desk

ഭുവനേശ്വർ: സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒഡീഷയിലെ മൽകാൻ​ഗിരി ജില്ലയില്‍ വൻ സംഘർഷം. രണ്ട് ​ഗ്രാമങ്ങളിലെ ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിരവധി വീടുകൾ അ​ഗ്നിക്കിരയാക്കി.  

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. കനത്ത പൊലീസ് കാവലും തുടരുന്നു. മൽകാൻ​ഗിരിയിലെ ​ഗോത്ര വിഭാ​ഗക്കാരും സമീപ ​ഗ്രാമത്തിലുള്ള ബം​ഗാളി ഭാഷ സംസാരിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. 

പൊറ്റേരു നദിയില്‍ കഴിഞ്ഞ വ്യാഴാ‌ഴ്‌ചയാണ് 51 കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആരംഭിച്ച കലാപം, ഇരു സമുദായങ്ങളും തമ്മിലുള്ള ചർച്ചകളെ തുടർന്ന് സമാധാനത്തിലേക്ക് നീങ്ങുന്നതായി കലക്ടർ പറഞ്ഞിരുന്നുവെങ്കിലും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിനു മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ അയല്‍ഗ്രാമത്തിലെ ഒരാള്‍ക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സ്ത്രീയുടെ ഗ്രാമത്തിലുള്ളവര്‍ അയല്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News