'അവരുടെ മലിനമായ തലച്ചോര്‍ വൃത്തിയാക്കാനാവില്ല, കാലെങ്കിലും വൃത്തിയാകട്ടെ ': ഉദയനിധി സ്റ്റാലിൻ

സംഘ്പരിവാറിന്‍റെ അധിക്ഷേപ വിഡിയോയില്‍ പ്രതികരിച്ച് ഉദയനിധി

Update: 2024-10-10 03:11 GMT
Editor : ദിവ്യ വി | By : Web Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ വിവാദത്തിന് തിരികൊളുത്തി തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ സംഘ് പരിവാറിന്‍റെ അധിക്ഷേപ വിഡിയോ. വിഡിയോ വൈറലായതിനു പിന്നാലെ പ്രവർത്തകരോട് സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി.

ഉദയനിധിയുടെ ചിത്രമുള്ള പോസ്റ്ററിൽ ചിലർ ചവിട്ടുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായത്. സംഘ്പരിവാറുകാരാണ് ഇതിനു പുറകിലെന്ന് ആരോപിക്കപ്പെടുന്നതിന് പിന്നാലെ വിഷയത്തിൽ ഡിഎംകെ പ്രവർത്തകരോട് ഉദയനിധി സമാധാനം പാലിക്കാനും പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു.

Advertising
Advertising

സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ രാഷ്ട്രീയ അപക്വതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപമാനിക്കാൻ ശ്രമിക്കുന്ന സംഘികളോട് ഖേദം തോന്നുന്നുവെന്നും അവരുടെ രാഷ്ട്രീയ അപക്വതയാണ് ഇതിലൂടെ വെളിവായതെന്നും ഉദയനിധി എക്‌സിൽ കുറിച്ചു. അവർ അത്രമാത്രം ദേഷ്യത്തിലാണെങ്കിൽ ഞാൻ ദ്രാവിഡ തത്വം പിന്തുടർന്ന് ശരിയായ പാതയിലാണ് എന്നതാണ് അത് സൂചിപ്പിക്കുന്നതൈന്നും അദ്ദേഹം പറഞ്ഞു.

അവർ ദ്രാവിഡ നേതാക്കളായ പെരിയോറിനു നേരെ ചെരുപ്പെറിഞ്ഞു, അണ്ണാദുരൈയേയും കരുണാനിധിയേയും അപമാനിച്ചു. മതത്തെയും ജനനത്തേയും അടിസ്ഥാനമാക്കി ഭിന്നിപ്പുണ്ടാക്കുന്ന ആശയങ്ങൾ ഉപയോഗിച്ച് ആളുകൾക്കിടയിൽ വിജയിക്കാനാവാത്തവരുടെ അമർഷമാണ് ഇതിന് പുറകിലെന്നും ഉദയനിധി പറഞ്ഞു. അവർ തന്റെ ചിത്രത്തിൽ ചവിട്ടട്ടെ, അവരുടെ മലിനമായ തലച്ചോര്‍ നമുക്ക് വൃത്തിയാക്കാനാവില്ല, കാലെങ്കിലും വൃത്തിയാകട്ടെ എന്നും വൈറലായ വീഡിയോ കൂടി പങ്കുവച്ച് ഉദയനിധി പ്രതികരിച്ചു.

കഴിഞ്ഞ വർഷം നവംബർ മൂന്നിന് പുറത്തുവന്ന ടിക് ടോക് വിഡിയോയാണ് സമൂഹമാധ്യമത്തിൽ ഉദയനിധിക്കെതിരെ പ്രചരിക്കുന്നത്. സനാതന ധർമ്മം തുടച്ചുനീക്കണമെന്ന ഉദയനിധിയുടെ പ്രസ്താവന വിവാദമായ കാലത്ത് പുറത്തിറങ്ങിയ വിഡിയോ ആണിത്. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങുന്ന സംഘ്പരിവാർ പ്രവർത്തകർ ഉദയനിധിയുടെ ചിത്ര സഹിതമുള്ള പോസ്റ്ററിൽ ചവിട്ടുന്നതാണ് വിഡിയോ.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News