രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്ത് യുഐഡിഎഐ
ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
ന്യൂഡൽഹി: ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തതായി യുഐഡിഎഐ അറിയിച്ചു. രാജ്യത്താകെ മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് നീക്കം ചെയ്തതെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനും ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് യുഐഡിഎഐയുടെ വിശദീകരണം.
മരണപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ദേശീയ സാമൂഹിക സഹായ പദ്ധതികൾ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവയുടെ സഹായം തേടിയതായും യുഐഡിഎഐ അറിയിച്ചു. ഭാവിയിൽ കൂടുതൽ വിവര ശേഖരണത്തിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം. ഒരു ആധാർ നമ്പർ ഒരു വ്യക്തിക്ക് മാത്രമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ മരണാനന്തരം ആധാർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഡിആക്ടിവേഷൻ നിർബന്ധമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മരിച്ചവരുടെ വിവരങ്ങൾ ആധാറിൽ നിന്നും നീക്കം ചെയ്യുന്നതിനായി മൈ ആധാർ പോർട്ടൽ വഴി ബന്ധുക്കൾക്കും സാധിക്കും. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണ്. ബാക്കി സംസ്ഥാനങ്ങളിലും മറ്റും ഉടൻ പോർട്ടൽ സജീവമാകുമെന്ന് യുഐഡിഎഐ അറിയിച്ചു.