കേന്ദ്ര ബജറ്റില്‍ കേരളത്തിന് പൂജ്യം; പ്രതിഷേധവുമായി എംപിമാര്‍

വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു

Update: 2025-02-01 10:31 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്‍കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുവീണ വയനാട് പോലും കേന്ദ്രത്തിന്‍റെ കണ്ണില്‍ പെട്ടില്ല.

വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രത്യേക പാക്കേജുകളൊന്നും സംസ്ഥാനത്തിനായി അനുവദിച്ചില്ല. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നായിരുന്നു പ്രധാന ആവശ്യം.

Advertising
Advertising

ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റ് അവതരണമാണുണ്ടായതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബജറ്റിൻ്റെ വിശ്വാസ്യത തകർക്കുന്നതെന്നും നികുതി നിർദേശങ്ങൾ അടിച്ചേൽപ്പിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങൾക്ക് എതിരായ യുദ്ധ പ്രഖ്യാപനമാണ് ഇന്നത്തെ ബജറ്റ് അവതരണമെന്ന് എ.എ റഹീം എംപി അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒന്നുമില്ലെന്നും വിമർശനം. കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. ആറ് ഇടങ്ങളിൽ ബിഹാറിനെ പരാമർശിച്ചപ്പോൾ , കേരളത്തെ എവിടെയും പരിഗണിച്ചില്ല. മധ്യവർഗത്തിൽ പെട്ട ഡൽഹിയിലെ വോട്ട് ലക്ഷ്യം വെച്ചാണ് പ്രഖ്യാപനങ്ങളെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ചന്ദ്രബാബു നായിഡുവിൻ്റെയും നിതീഷ് കുമാറിന്‍റെയം പിന്തുണയില്ലാതെ മുന്നോട്ടുപോകാൻ സർക്കാരിന് ആവില്ലെന്നും അതുകൊണ്ട് ആ രണ്ട് മുഖ്യമന്ത്രിമാരെ തൃപ്തിപ്പെടുത്തുന്ന ഒരുപാട് തീരുമാനങ്ങൾ ബജറ്റിൽ ഉണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞ ബജറ്റ് താങ്ങു വില പരാമർശിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. ബജറ്റ് വാചകമടി മാത്രമായിപ്പോയെന്ന് ആന്‍റോ ആന്‍റണി വിമര്‍ശിച്ചു. ഫെഡറലിസത്തെ മാനിക്കുന്നില്ല .ഒരു സംസ്ഥാനത്തെ തന്നെ ആവർത്തിച്ച് പരിഗണിക്കുകയാണെന്ന് അബ്ദുസമദ് സമദാനി കുറ്റപ്പെടുത്തി.

നീതിബോധമില്ലാത്ത ബജറ്റാണെന്നും ബിഹാർ പിടിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്ന് ഒരു എംപിയെ അയച്ചിട്ടും ഒരു പരിഗണനയും നൽകിയില്ലെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇത്ര നിരാശാജനകമായ ബജറ്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News