'നിങ്ങൾ ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകട്ടെ, അതിന് മുമ്പ് മികച്ച ഒരു അമ്മയാകുക'; സർവകലാശാല ബിരുദദാന ചടങ്ങിൽ വിദ്യാർഥികളോട് യുപി ഗവർണർ
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലാവണം ആദ്യം ശ്രദ്ധയെന്നും ഇതിനിടയിലാവണം ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെന്നുമായിരുന്നു വിശദീകരണം
കാൺപൂർ: ഐഎഎസ് തലപ്പത്തോ അധ്യാപന രംഗത്തോ എത്തുന്നതിന് മുമ്പ് സ്ത്രീകൾ മികച്ച അമ്മമാരാകാൻ പരിശ്രമിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൺപൂരിലെ ഒരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പട്ടേൽ ഇക്കാര്യം പറഞ്ഞത്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലാവണം ആദ്യം ശ്രദ്ധയെന്നും ഇതിനിടയിലാവണം ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെന്നുമായിരുന്നു വിശദീകരണം.
"നിങ്ങൾ ഐ.എ.എസ് ഓഫീസറോ അധ്യാപികയോ ആകട്ടെ, അതിന് മുമ്പ് മികച്ച ഒരു അമ്മയാകുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എങ്ങനെയെന്ന് എല്ലാവരും അറിഞ്ഞിരിക്കണം," എന്നുമായിരുന്നു അവർ വ്യക്തമാക്കിയത്. വിദ്യാഭ്യാസത്തിനും അക്കാദമിക് നേട്ടങ്ങൾക്കുമുപരി കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം.
ഗാർഹിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കാൻ കാരണം ധാർമിക മൂല്യങ്ങൾ കുറയുന്നതുകൊണ്ടാണെന്നും, വിദ്യാഭ്യാസം എന്നത് കേവലം അക്കാദമിക് നേട്ടങ്ങളാവരുതെന്നും വിവാഹശേഷവും പെൺകുട്ടികൾ വിദ്യാഭ്യാസവും ജോലിയും തുടരണമെന്നും അതോടൊപ്പം കുടുംബത്തിനും സമൂഹത്തിനും തങ്ങളുടേതായ സംഭാവനകൾ നൽകണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികൾ സ്കൂളിലും കേളേജിലും ചേർന്ന ശേഷവും എന്തൊക്കെയാണ് ചെയ്യുന്നതെന്നും അവർക്കുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും രക്ഷിതാക്കൾ മനസിലാക്കിയിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സർവ്വകലാശാലകളിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
ഇതിന് ഒരു ദിവസം മുമ്പ് ലഖ്‌നൗവിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ 24ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ, വിവാഹത്തിന് മുമ്പ് വിദ്യാർഥികൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടണമെന്നായിരുന്നു പട്ടേൽ ഉപദേശിച്ചിരുന്നത്.