500 കിലോമീറ്റർ വരെ 7500 രൂപ; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

ബിസിനസ് ക്ലാസിനും, ഉഡാൻ ഫ്‌ലൈറ്റുകൾക്കും ഈ നിരക്ക് ബാധകമല്ല

Update: 2025-12-06 15:32 GMT

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് തടയിടാനൊരുങ്ങി കേന്ദ്രം. പ്രതിസന്ധിയിലായിരിക്കുന്ന റൂട്ടുകളിലെ യാത്രാക്കൂലിക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കി. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതായി വിവിധ ഭാഗത്തുനിന്ന് ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ.

500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. 500 മുതൽ 1000 കിലോമീറ്റർ വരെ 12000 രൂപയും, 15,000 കിലോമീറ്റർ വരെ 15,000 രൂപയും ഈടാക്കാം. 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000 രൂപവരെ ഈടാക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. യൂസർ ഡെവലപ്‌മെന്റ് ഫീസ്, പാസഞ്ചർ സർവീസ് ഫീസ്, നികുതി എന്നിവ ഇതിന് പുറമെയാണ്. ബിസിനസ് ക്ലാസിനും, ഉഡാൻ ഫ്‌ലൈറ്റുകൾക്കും ഈ നിരക്ക് ബാധകമല്ല.

അതേസമയം, ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. ആറുമണിക്ക് വ്യോമയാന മന്ത്രാലയത്തിൽ യോഗം ചേരും. വൻ തുക പിഴ ചുമത്തിയേക്കുമെന്നാണ് സൂചന.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News