'ബോളിവുഡിൽ നിന്ന് ബിഹാർ രാഷ്ട്രീയത്തിലേക്ക്'; ആരാണ് മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സഹാനി?
ജാതി രാഷ്ട്രീയം നിർണായകമായ ബിഹാറിൽ അതിപിന്നാക്ക വിഭാഗത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ടാണ് മുകേഷ് സഹാനിയെ മഹാസഖ്യം മുന്നിൽ നിർത്തുന്നത്
പട്‌ന: സീറ്റ് വിഭജന ചർച്ചയിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബിഹാറിലെ മഹാസഖ്യം മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആർജെഡി, കോൺഗ്രസ്, സിപിഐ (എംഎൽ) തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യത്തിൽ താരതമ്യേന ചെറിയ പാർട്ടിയായ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവായ മുകേഷ് സഹാനിയാണ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി. കേവലം 15 സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുമ്പോൾ സഖ്യത്തിലെ വിഐപി മുകേഷ് സഹാനിയാണെന്ന് വ്യക്തമാവുന്നു.
1981ൽ ദർഭംഗയിലെ മുക്കുവ കുടുംബത്തിൽ ജയിച്ച മുകേഷ് സഹാനി പിന്നീട് 'മല്ലയുടെ മകൻ' എന്ന അപരനാമം സ്വീകരിച്ചു. തന്റെ സമുദായത്തോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ് ഈ പേര് സ്വീകരിച്ചത്. 19-ാം വയസിൽ ബിഹാർ വിട്ട് മുംബൈയിലെത്തിയ സഹായി സെയിൽസ്മാൻ ആയി ജോലി നോക്കി. പിന്നീട് ബോളിവുഡിൽ സെറ്റ് ഡിസൈനറായി. ഷാറൂഖ് ഖാന്റെ ദേവദാസ്, സൽമാൻ ഖാന്റെ ബജ്‌റംഗി ഭായ്ജാൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. മുംബൈയിൽ അദ്ദേഹത്തിന് മുകേഷ് സിനി വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനിയുണ്ടായിരുന്നു.
2013ൽ ബി.ആർ അംബേദ്കർ, കർപൂരി ഠാക്കൂർ തുടങ്ങിയവരുടെ ആശയങ്ങളിൽ ആകൃഷ്ടനായി ബിഹാറിൽ തിരിച്ചെത്തിയ സഹാനി സംസ്ഥാനത്തെ അതിപിന്നാക്ക വിഭാഗക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിഹാർ ജനസംഖ്യത്തിൽ മൂന്നിലൊന്നും അതിപിന്നാക്കക്കാരാണ്. 2018ൽ നിഷാദ്- മല്ല സമുദായങ്ങളുടെ ക്ഷേമത്തിനായി സഹാനി വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) രൂപീകരിച്ചു. ബിഹാർ വോട്ടർമാരുടെ 12 ശതമാനവും ഈ സമുദായങ്ങളിൽ നിന്നാണ്.
2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലായിരുന്ന സഹാനിയുടെ പാർട്ടി നാല് സീറ്റിൽ വിജയിച്ചു. പിന്നീട് അദ്ദേഹം ബിജെപിയുമായി ഇടഞ്ഞ് മഹാസഖ്യത്തിനൊപ്പം ചേർന്നു. വടക്കൻ ബിഹാറിലെ പ്രളയബാധിത മേഖലകളിലും മറ്റു നടത്തിയ പ്രവർത്തനങ്ങൾ സഹാനിയെ താഴേത്തട്ടിൽ ജനങ്ങൾക്ക് പ്രിയങ്കരനാക്കി.
ജാതി രാഷ്ട്രീയം നിർണായകമായ ബിഹാറിൽ അതിപിന്നാക്ക വിഭാഗത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ടാണ് മുകേഷ് സഹാനിയെ മഹാസഖ്യം മുന്നിൽ നിർത്തുന്നത്. 2020ൽ എൻഡിഎയിലേക്ക് തിരിഞ്ഞ ഇബിസി വോട്ടുകൾ നേടാനുള്ള മഹാസഖ്യത്തിന്റെ ട്രംപ് കാർഡാണ് സഹാനി. ക്ഷേമ പദ്ധതികളുടെ പേരിൽ എൻഡിഎയിലേക്ക് ചാഞ്ഞ നിഷാദ്- മല്ല സമുദായങ്ങളുടെ പിന്തുണ സഹാനിയിലൂടെ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം.
40- 50 സീറ്റ് വേണമെന്ന് സഹാനി ആവശ്യപ്പെട്ടതാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം അനിശ്ചിതത്വത്തിലാക്കിയത്. വിഐപിയുടെ സംഘടനാ ശക്തിയെക്കാൾ എത്രയോ അധികം സീറ്റാണ് അവർ ആവശ്യപ്പെട്ടത്. ഇത് കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് സഹാനി ഭീഷണിപ്പെടുത്തി. സീറ്റ് വിഭജനം അനിശ്ചിതത്വത്തിലായതോടെ ബിഹാറിന്റെ ചുമതലയുള്ള മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇടപെട്ടു. 15 സീറ്റുകളും ഉപമുഖ്യമന്ത്രി സ്ഥാനാർഥി സ്ഥാനവും നൽകി സഹാനിയെ അനുനയിപ്പിക്കുകയായിരുന്നു.