മുസ്‌ലിം പള്ളികളുടെയും കമ്മിറ്റി അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്ന കശ്മീർ പൊലീസ് നടപടി മൗലികാവകാശ ലംഘനമെന്ന് വിമർശനം
പ്രത്യേക വിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ആസൂത്രിത നീക്കമാണ് അധികൃതർ നടത്തുന്നതെന്ന് നാഷണൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികൾ കുറ്റപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ പള്ളികളുടെയും മതപഠന കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസ് നീക്കം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പള്ളികൾ, കമ്മിറ്റി അംഗങ്ങൾ, ഇമാമുമാർ, മതപാഠശാലകളിലെ അധ്യാപകർ തുടങ്ങിയവരെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. മുസ്‌ലിംകളിലെ ഏത് ആശയക്കാർ നടത്തുന്ന പള്ളിയാണ് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
വിവരശേഖരണത്തിന്റെ കാരണമെന്താണ് എന്നത് സംബന്ധിച്ച് പൊലീസ് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. പതിവ് സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായാണ് വിവരങ്ങൾ തേടുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. മതസ്ഥാപനങ്ങളുടെ ദുരുപയോഗം തടയാനും ക്രമസമാധാനം നിലനിർത്താനുമുള്ള മുൻകരുതലിന്റെ ഭാഗമാണ് നടപടിയെന്ന് ഇവർ പറയുന്നു. എന്നാൽ പള്ളിയുമായി ബന്ധപ്പെട്ടവരുടെ വ്യക്തിവിവരങ്ങളടക്കം തേടുന്ന നിലവിലെ നടപടി നിയമപരമായി ശരിയല്ലെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്.
മുസ്‌ലിം മതസ്ഥാപനങ്ങളുടെ മാത്രം വിവരങ്ങൾ ശേഖരിക്കുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രത്യേക വിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ആസൂത്രിത നീക്കമാണ് അധികൃതർ നടത്തുന്നതെന്ന് ഇവർ പറയുന്നു. ഇത്തരം അനാവശ്യമായ നടപടിക്രമങ്ങൾ മുസ്‌ലിംകളെ കൂടുതൽ അപരവത്കരിക്കാൻ ഇടയാക്കുമെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
പള്ളി കമ്മിറ്റി അംഗങ്ങളുടെയും ഇമാമുമാരുടെയും വ്യക്തിഗത വിവരങ്ങൾ തേടുന്ന പൊലീസ് നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇംറാൻ നബി പറഞ്ഞു. മുസ്‌ലിംകളുടെ വിശ്വാസകാര്യങ്ങളിൽ അനാവശ്യമായി കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതസംഘടനകളും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തി. കശ്മീരിലെ പ്രമുഖ ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസുൽ ഉലമ, ഈ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തി. ആഭ്യന്തരമായ മതപരമായ കാര്യങ്ങൾ ഏകപക്ഷീയമായ നിരീക്ഷണത്തിന് വിധേയമാക്കാൻ കഴിയില്ലെന്ന് സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ശേഖരിക്കുന്ന വിവരങ്ങളുടെ സ്വഭാവവും ആഴവും സാധാരണ ഭരണപരമായ ആവശ്യങ്ങൾക്കും അപ്പുറമാണെന്നും ഇതിന്റെ ഉദ്ദേശ്യശുദ്ധിയിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും മുത്തഹിദ മജ്ലിസുൽ ഉലമ മുന്നറിയിപ്പ് നൽകി.
സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഈ നടപടി നിർത്തിവെക്കണമെന്നും കശ്മീരിലെ മിർവായിസ് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു. വിവരശേഖരണം ഉടനടി നിർത്തലാക്കണം. ഇത് വിശ്വാസത്തെ തകർക്കുകയും മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ ഭീതി ജനിപ്പിക്കുകയും മുസ്‌ലിം സമുദായത്തിന് അസ്വസ്ഥജനകമായ ഒരു സന്ദേശം നൽകുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മതപരമായ സ്ഥാപനങ്ങളെയും വ്യക്തികളെയും വിവേചനപരമായി നിരീക്ഷിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്നും സാമൂഹിക സൗഹാർദത്തിന് ദോഷകരമാണെന്നും മിർവായിസ് കൂട്ടിച്ചേർത്തു.