'രണ്ടുകോടി തരാം, എന്റെ പിതാവിനെ തിരികെത്തരൂ'; ടാറ്റയോട് എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടയാളുടെ മകൾ

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

Update: 2025-06-14 03:51 GMT

അഹമ്മദാബാദ്: തന്റെ പിതാവിനെ തിരികെത്തന്നാൽ രണ്ടുകോടി രൂപ തരാമെന്ന് അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടയാളുടെ മകൾ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊല്ലപ്പെട്ടയാളുടെ മകളായ ഫൽഗുനിയുടെ പ്രതികരണം.

അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിളുകൾ നൽകാൻ അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജിൽ കാത്തിരിക്കുമ്പോഴാണ് ഫാൽഗുനി വികാരഭരിതയായി പ്രതികരിച്ചത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

''ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം എപ്പോഴെങ്കിലും എന്റെ പിതാവിനെ തിരികെ കൊണ്ടുവരുമോ? എയർ ഇന്ത്യയിൽ എപ്പോഴും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്റെ പിതാവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെങ്കിൽ ഞാൻ അവർക്ക് രണ്ട് കോടി രൂപ നൽകും... എന്റെ അമ്മ രോഗിയാണ്, അവർക്ക് എന്റെ പിതാവിനെ വേണം. എനിക്ക് അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവും വേണം'' ഫാൽഗുനി പറഞ്ഞു.

219 പേരുടെ സാമ്പിളുകൾ വെള്ളിയാഴ്ച പൂർത്തിയായതായി ആശുപത്രി അധികൃതർ പറഞ്ഞു. ഡിഎൻഎ പരിശോധനക്കായി ഒന്നിലധികം ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 48 മുതൽ 72 മണിക്കൂർ വരെ എടുക്കുമെന്നും ശനിയാഴ്ച മുതൽ പ്രാഥമിക തിരിച്ചറിയൽ പ്രക്രിയ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News