യു.പിയില്‍ ബുള്‍ഡോസറില്‍ യോഗി ആദിത്യനാഥ് 'ആരാധകന്റെ' വിവാഹ ഘോഷയാത്ര

യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് മുസ്‍ലിംകള്‍ ഉള്‍പ്പെടെയുള്ള നിരപരാധികള്‍ക്കെതിരായ പ്രതികാരരാഷ്ട്രീയത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറുന്നത്

Update: 2024-07-11 09:48 GMT
Editor : Shaheer | By : Web Desk

ലഖ്‌നൗ: നിരപരാധികളുടെ വീടും സ്വത്തുക്കളും ഇടിച്ചുനിരപ്പാക്കുന്ന യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ രാജിനു പിന്തുണ പ്രഖ്യാപിച്ച് യു.പിയില്‍ വിവാഹാഘോഷം. യോഗി ആദിഥ്യനാഥിന്റെ ആരാധകനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണ വര്‍മ എന്ന യുവാവാണ് ബുള്‍ഡോസറില്‍ വിവാഹയാത്ര ഒരുക്കിയത്.

യു.പി മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗൊരക്പൂരിലാണു സംഭവം. ഖജ്‌നി സ്വദേശിയായ മെഹിന്‍ വര്‍മയുടെ മകനാണ് കൃഷ്ണ വര്‍മ. വധുവിന്റെ വീട്ടില്‍നിന്നുള്ള വിവാഹ ഘോഷയാത്രയ്ക്ക് യോഗിയോടുള്ള ആരാധന മൂത്ത് ബുള്‍ഡോസര്‍ തിരഞ്ഞെടുക്കുകയായിരുന്നു ഇയാള്‍. പൂക്കള്‍ കൊണ്ട് അലങ്കരിച്ച് ബുള്‍ഡോസര്‍ അണിയിച്ചൊരുക്കുകയും ചെയ്തു.

Advertising
Advertising

വധുവും വരനും ബുള്‍ഡോസറിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വഴിയോരത്ത് ഈ കൗതുകക്കാഴ്ച കാണാനായി ആളുകള്‍ ഒരുമിച്ചുകൂടുകയും ചെയ്തിരുന്നു.

2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെയാണ് ബുള്‍ഡോസര്‍ പ്രതികാരരാഷ്ട്രീയത്തിന്റെ പ്രതീകമായി മാറുന്നത്. പ്രധാനമായും മുസ്‍ലിംകളായിരുന്നു ഈ ബുള്‍ഡോസര്‍ നടപടികളുടെ ഇരകള്‍. ബി.എസ്.പി എം.എല്‍.എയായിരുന്ന മുഖ്താര്‍ അന്‍സാരി, എസ്.പി എം.പിയായിരുന്ന ആതിഖ് അഹ്‌മദ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തായിരുന്നു ഇതിനു തുടക്കം.

പിന്നീട് നിരപരാധികളായ സാധാരണക്കാരുടെ വീടുകള്‍ക്കുനേരെയും യോഗിയുടെ ബുള്‍ഡോസര്‍ ഉരുണ്ടു. യു.പി മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ നടപടികള്‍ തുടരുന്നുണ്ട്.

Summary: Fan of UP CM Yogi Adityanath, leads his wedding procession on a bulldozer, resembling 'bulldozer raj'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News