രാഷ്ട്രീയത്തിൽ ആർ.എസ്. എസിന്റെ ചോയ്സ് ബി.ജെ.പി മാത്രമോ?
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആര്‍എസ്എസ് സഹായിക്കുമോ? സൈദ്ധാന്തികമായി തന്നെ തങ്ങളുടെ ശത്രുവായി ആര്‍എസ്എസ് കാണുന്നവരാണ് കമ്യൂണിസ്റ്റുകള്‍.
എന്താണ് ആര്‍എസ്എസ്സും ബിജെപിയും തമ്മിലുള്ള ബന്ധം? ആര്‍എസ്സ്എസ്സിന് ബിജെപിയല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോ? കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററും സംഘത്തിന്റെ സൈദ്ധാന്തികനുമായ ഡോ. ആര്‍ ബാലശങ്കര്‍ തുറന്നു വിട്ട വിവാദത്തോട് ചേര്‍ത്ത് വെക്കാവുന്ന ചോദ്യങ്ങളാണിവ.
കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ സീറ്റ് ധാരണയുണ്ടെന്നാണ് ബാലശങ്കര്‍ പറഞ്ഞത്. ആര്‍എസ്എസ് മുന്‍കയ്യെടുത്ത് രൂപീകരിച്ച ബിജെപി, അവരുടെ പ്രത്യയശാസ്ത്ര ശത്രുവായ സിപിഎമ്മുമായി കൈകോര്‍ക്കുന്നത് ആര്‍എസ്എസ് നേതൃത്വം അനുവദിക്കുമോ? സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരിക്കെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനെ ആര്‍എസ്എസ് പിന്തുണക്കുമോ? ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത് ഉണ്ട് എന്നാണ്.
1951ലാണ് ആര്‍എസ്എസ് ജനസംഘം രൂപീകരിക്കുന്നത്. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോൾ നിരോധനം നീക്കാനായി അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേൽ ആര്‍എസ്എസിനോടാവശ്യപ്പെട്ടത് രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു. ഇതുറപ്പാക്കും വിധം ആര്‍എസ്എസിന് ഒരു ഭരണഘടന ഉണ്ടാക്കണമെന്നും ഇന്ത്യന്‍ ഭരണഘടനയോടും ത്രിവര്‍ണ പതാകയോടും കൂറു പ്രഖ്യാപിക്കണമെന്നും അദ്ദേഹം അന്നത്തെ സര്‍സംഘ് ചാലകിനോടാവശ്യപ്പെട്ടു. നിരവധി തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇക്കാര്യങ്ങളംഗീകരിച്ചാണ് ആര്‍എസ്എസിന്റെ നിരോധനം നീക്കിയത്. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതു മുതലുള്ള കാര്യങ്ങളുള്‍പ്പെടുത്തി വിശദമായ ഭരണഘടന വേണമെന്നായിരുന്നു പട്ടേലിന്റെ ആവശ്യമെങ്കിലും അതൊന്നുമില്ലാത്ത ഒരു ഭരണഘടനയും തയ്യാറാക്കി.എന്നാല്‍ ഇന്ന് ആര്‍എസ്എസിന്റെ ആ ഭരണഘടന എവിടെയും ലഭ്യവുമല്ല.
അന്ന് ആര്‍എസ്എസിനോട് ആദര്‍ശപരമായി അടുത്തു നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു; ഹിന്ദു മഹാസഭ. ആര്‍എസ്എസിന്റെ മാതൃസംഘടന എന്ന് പറയാവുന്ന ഹിന്ദു മഹാസഭയുമായി ആര്‍എസ്എസ് ഗാന്ധിവധത്തെ തുടര്‍ന്ന് അകലം പാലിച്ചു. അങ്ങനെയാണ് ഭാരതീയ ജനസംഘത്തിന്റെ ഉല്‍ഭവം. നെഹ്രുവിയന്‍ സോഷ്യലിസത്തോടും മതേതരത്വത്തോടും വിപ്രതിപത്തിയുണ്ടായിരുന്ന നിരവധി കോണ്‍ഗ്രസുകാര്‍ ജനസംഘത്തോടൊപ്പം ചേര്‍ന്നു. ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘവും തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചു.
1951ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടിയ ജനസംഘം 57ല്‍ അത് നാല് സീറ്റായി വര്‍ധിപ്പിച്ചു. 62ല്‍ അത് പതിനാലായി. 67ല്‍ ജനസംഘം 35 സീറ്റ് നേടി. സി രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടിയുടെ തൊട്ടു താഴെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി. കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് 1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും ആ തെരഞ്ഞെടുപ്പില്‍ രാജഗോപാലാചാരിയുടെ പാര്‍ട്ടി, എസ്എസ്പി, പിഎസ്പി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് അവര്‍ മല്‍സരിച്ചത്. കാമരാജിന്റെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് ജനസംഘം നേടി. അന്ന് സിപിഎമ്മിന് 25ഉം സിപിഐക്ക് 22 സീറ്റുമാണ് ലഭിച്ചത്.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പില്‍ ജനസംഘം പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സര്‍ക്കാരില്‍ മുന്‍ ജനസംഘം നേതാക്കളും ആര്‍എസ്എസുകാരുമായ വാജ്പേയിയും അദ്വാനിയും മന്ത്രിമാരായി. മൊറാര്‍ജി സര്‍ക്കാര്‍ താഴെ വീണ ശേഷം ജനതാപാര്‍ട്ടിയിലെ പഴയ ജനസംഘക്കാര്‍ ചേര്‍ന്നാണ് ബിജെപി രൂപീകരിച്ചത്. നേതൃത്വം നല്‍കിയത് അദ്വാനിയും വാജ്പേയിയും.
1984ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭി്ച്ചത് കേവലം രണ്ട് സീറ്റാണ്. എങ്ങനെയാണ് ജനസംഘം 35 സീറ്റ് വരെ നേടിയ ചരിത്രമുള്ളപ്പോള്‍ ബിജെപി കേവലം രണ്ട് സീറ്റിലേക്ക് ചുരുങ്ങിയത്? ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്നതാണ് 84ലെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗം ആ ഘട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാജീവ് ഗാന്ധി കൃത്യമായ മൃദു ഹിന്ദുത്വ കാര്‍ഡും ഇറക്കി. സിഖ് വിഘടനവാദത്തിനെതിരെ കോൺഗ്രസ് നടത്തിയ പ്രചാരണത്തില്‍ ആര്‍എസ്എസിന് താല്‍പര്യമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ റഷീദ് കിദ്വായി എഴുതിയ 'ബാലറ്റ്- ദ എപ്പിസോഡ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് ഡെമോക്രസി' എന്ന പുസ്തകത്തില്‍ ആര്‍എസഎസും രാജീവ് ഗാന്ധിയുമായി തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ചകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലൊരിക്കലും നേടാത്ത ഭൂരിപക്ഷമാണ് നേടിയത്. 543ല്‍ 415 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. നെഹ്രുവിനോ ഇന്ദിരക്കോ നേടാനാവാത്ത വിജയം.
ആര്‍എസ്എസും രാജീവ് ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചത് നാഗ്പൂരില്‍ നിന്നുള്ള അന്നത്തെ കോണ്‍ഗ്രസ് എംപി ബന്‍വാരിലാല്‍ പുരോഹിത് ആയിരുന്നു. ബാബരി മസ്ജിദില്‍ ശിലാന്യാസം അനുവദിച്ചാല്‍ 1987 ലെ തെരഞ്ഞടുപ്പില്‍ ആര്‍എസ്എസ് പിന്തുണ കിട്ടുമോയെന്ന് അന്വേഷിക്കാന്‍ രാജീവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് 2007ല്‍ പുരോഹിത് വെളിപ്പെടുത്തിയത്. ബന്‍വാരിലാല്‍ പുരോഹിത് ഇന്ന് തമിഴ്നാട് ഗവര്‍ണറാണ്.
ശിവസേന ഒരു മറാത്താ ദേശീയവാദി പാര്‍ട്ടിയാണ്. സംഘ് പരിവാറുമായി ബന്ധമേയില്ല. ശിവസേനയെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പിന്തുണച്ചിട്ടുണ്ട്. 1970ല്‍ ജനസംഘം ഉണ്ടായിരിക്കെ തന്നെ, കൃഷ്ണ ദേശായി എന്ന സിപിഎം എംഎല്‍എ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ പരേലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേതാവ് മോറോപാന്ത് പിംഗളെ ശിവസേനയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി. ശിവസേനക്കെതിരെ കൃഷ്ണ ദേശായിയുടെ വിധവ സരോജിനി മല്‍സരിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പടെ ഒന്പത് പാര്‍ട്ടികള്‍ പിന്തുണച്ചിട്ടും ശിവസേന സ്ഥാനാര്‍ത്ഥി വാമന്‍ മഹാദിക് ആണ് വിജയിച്ചത്. ആര്‍എസ്എസ് പിന്തുണയായിരുന്നു വിജയത്തിന് പിന്നില്‍.
കേരളത്തില്‍ വലിയ രാഷ്ട്രീയവിവാദമായ സംഭവമാണ് കോലീബി സഖ്യം. ബേപ്പൂരിലും വടകരയിലും കോണ്‍ഗ്രസ്-മുസ്ലീംലീഗ്-ബിജെപി എന്നിവക്ക് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ 1991ലെ തെരഞ്ഞെടുപ്പിലാണ് ആ പരീക്ഷണം നടന്നത്. കരുണാകരനായിരുന്നു ഇതിന്റെ സൂത്രധാരനെങ്കിലും കോണ്‍ഗ്രസ് വോട്ടുകള്‍ തിരികെ ബിജെപിക്ക് കിട്ടാതിരുന്നതിനാല്‍ പരീക്ഷണം പാളിയെന്ന് ബിജെപി നേതാവായ കെജി മാരാരുടെ ജീവചരിത്രമായ 'കെജി മാരാര്‍ -രാഷ്ട്രീയത്തിലെ സ്നേഹസാഗരം' എന്ന പുസ്തകത്തിലെ 'പാഴായ പരീക്ഷണം' എന്ന അധ്യായത്തില്‍ പറയുന്നുണ്ട്. രാജീവ് ഗാന്ധി വധമുണ്ടാക്കിയ തരംഗത്തില്‍ മുന്‍ ധാരണകളെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആര്‍എസ്എസ് സഹായിക്കുമോ? സൈദ്ധാന്തികമായി തന്നെ തങ്ങളുടെ ശത്രുവായി ആര്‍എസ്എസ് കാണുന്നവരാണ് കമ്യൂണിസ്റ്റുകള്‍. എന്നാല്‍, കേരളത്തില്‍ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ കേരളത്തിലെ ഹിന്ദു ഉണര്‍വിന്റെ ഫലമായിരുന്നുവെന്ന് ആര്‍എസ്എസ് വിശ്വസിച്ചിരുന്നുവെന്നാണ് അടുത്തിടെ ശ്രദ്ധേയമായ , മാധ്യമപ്രവര്‍ത്തകന്‍ ദിനേശ് നാരായണന്‍ എഴുതിയ 'ദ ആര്‍എസ്എസ്- ആന്‍ഡ് ദ മേക്കിങ് ഓഫ് ഡീപ് നേഷന്‍' എന്ന പുസ്തകം പറയുന്നത്.
പുസ്തകത്തില്‍ പറയുന്നതിങ്ങനെ: '1987 ഡിസംബര്‍ 13ന് ആര്‍എസ്എസ് മേധാവി ബാലാസാഹബ് ദേവറസ് ഡെല്‍ഹി രാംലീല മൈതാനിയില്‍ ഹിന്ദു സമ്മേളനത്തില്‍ സംസാരിച്ചു. കേരളത്തിലെ ഹിന്ദു ഉണര്‍വിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ക്രിസ്ത്യാനികളുമായും മുസ്ലിംകളുമായും ഒത്തുതീര്‍പ്പിലെത്തുന്ന പാര്‍ട്ടികള്‍ക്കേ അവിടെ അധികാരത്തിലെത്താന്‍ കഴിയൂ. എന്നാല്‍ ആര്‍എസ്എസ് അവിടെ നാലായിരം ശാഖകളുമായി ശക്തമായ സാന്നിധ്യമായി ഹിന്ദു ഐക്യം സാധ്യമാക്കിയിട്ടുണ്ട്. ആദ്യമായി അവിടെ കമ്യൂണിസ്റ്റുകള്‍ മുസ്ലിം ലീഗിനെയും ക്രിസ്ത്യന്‍ കോണ്‍ഗ്രസിനെയും വര്‍ഗീയ പാര്‍ട്ടികളെന്ന് വിളിച്ചപ്പോള്‍ അവര്‍ തെരഞ്ഞെടുപ്പ് നേട്ടം കൊയ്തു. ഹിന്ദു ഉണര്‍വിനെ തുടര്‍ന്നാണ് ആ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതെന്ന് ദേവറസ് ഊന്നിപ്പറഞ്ഞു.'
ആ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് രഹസ്യമായി എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മുന്നേറ്റത്തിന് പിന്നിലും ആര്‍എസ്എസ് ഉണ്ടെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ഇന്ത്യ അഗൈന്‍സ്റ്റ് കറപ്ഷന്‍ നേതാവായിരുന്ന അരവിന്ദ് കെജ്രിവാള്‍ ആര്‍എസ്എസ് തിങ്ക് ടാങ്ക് ആയ വിവേകാനന്ദ ഫൌണ്ടേഷനിലുണ്ടായിരുന്നു. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരകാലത്തും കെജ്രിവാള്‍ ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന് ഡോ. ആര്‍ ബാലശങ്കറുള്‍പ്പടെ നിരവധി പേര്‍ വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോഴും ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ആര്‍എസ്എസ് പിന്തുണയല്ലാതെ മറ്റെന്താണ്?
ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് തുടര്‍ഭരണം ഉറപ്പിക്കും വിധമുള്ള ഒരു ഡീല്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടെന്ന ഡോ. ആര്‍ ബാലശങ്കറിന്റെ ആരോപണം ശ്രദ്ധേയമാവുന്നത്. ആര്‍എസ്എസ് നേതൃത്വം ബാലശങ്കറെ തള്ളിപ്പറയുന്നതും അദ്ദേഹം ആര്‍എസ്എസുകാരനേയല്ലെന്ന് ആവര്‍ത്തിക്കുന്നതും ആ ഡീല്‍ ഉളളതാണോയെന്ന സംശയം ബലപ്പെടുത്തുന്നതുമാണ്.