ഐ.എസ്.എല്ലിന് ഇന്ന് അവസാന വിസില്‍; ശക്തമായ ലൈനപ്പുമായി മുംബൈയും മോഹന്‍ ബഗാനും
ജാഹു, ബൗമസ്, ലെ ഫോണ്ട്രെ, ബിപിൻ സിങ് എന്നിവരെല്ലാം മുംബൈയുടെ ആദ്യ ഇലവനില്‍ ഉണ്ട്.
ഐ.എസ്.എൽ 2021 സീസണിലെ ഫൈനൽ പോരാട്ടത്തിനായി ഇന്ന് മോഹൻ ബഗാനും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍ ഇറങ്ങുകയാണ്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം മുംബൈ സിറ്റിക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നതിന്‍റെ കണക്ക് തീര്‍ക്കാന്‍ കൂടിയാകും മോഹൻ ബഗാൻ ഇന്ന് ഇന്ന് ഇറങ്ങുന്നത്.
രണ്ട് ടീമുകളും ഫൈനലിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. കലാശപ്പോരാട്ടത്തിനായി ഇരു ടീമുകളും ശക്തമായ ലൈനപ്പുമായാണ് കളത്തിൽ ഇറങ്ങുന്നത്. ജാഹു, ബൗമസ്, ലെ ഫോണ്ട്രെ, ബിപിൻ സിങ് എന്നിവരെല്ലാം മുംബൈയുടെ ആദ്യ ഇലവനില്‍ ഉണ്ട്. രണ്ടാം സെമിയിലെ പോലെ റൗളിംഗ് ഇന്നും മുംബൈയുടെ മധ്യനിരയിൽ ഇറങ്ങുന്നുണ്ട്. മുംബൈ നിരയിൽ ഒഗ്ബെചെ ഇന്നും സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലാണ്.
മോഹൻ ബഗാൻ നിരയിലേക്ക് വരുമ്പോള്‍ ജിങ്കനും തിരിയും ആണ് സെന്‍റർ ബാക്ക് കൂട്ടുകെട്ട്. ജിങ്കൻ പ്ലേയിങ് ഇലവനില്‍ ഇറങ്ങുന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും ഫൈനലിന് മുമ്പ് തന്നെ താരം ഫിറ്റ്നസ് തെളിയിച്ചു. റോയ് കൃഷ്ണ, വില്യംസ് എന്നിവർ ആദ്യ ഇലവനിൽ തന്നെ ഉണ്ട്.
ഈ സീസണിൽ രണ്ടു തവണയും എ ടി കെയെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി. എന്നാൽ ഐ എസ് എൽ ഫൈനലിന്‍റെ സമ്മർദ്ദങ്ങൾ മറികടന്ന് കിരീടത്തിൽ എത്താൻ ഹബാസിന്‍റെ ടീമിന് മുൻ സീസണുകളിൽ കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും അങ്ങനെ ഫൈനലിൽ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കപ്പടിക്കാം എന്നാണ് മോഹന്‍ ബഗാന്‍റെ പ്രതീക്ഷ. ഡിഫൻസിൽ ഊന്നിയായിരിക്കും മോഹൻ ബഗാൻ ഇന്നു കളിക്കുക. റോയ് കൃഷ്ണ, വില്യംസ്, മന്‍വീര്‍ എന്നിവർ അറ്റാക്കിൽ ഫോമിൽ ഉള്ളത് കൊണ്ട് കൗണ്ടർ അറ്റാക്കിൽ മുംബൈ സിറ്റിയെ വീഴ്ത്താൻ ആകും എന്നാണ് മോഹൻ ബഗാൻറെ ആത്മവിശ്വാസം .
അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ തിളങ്ങുന്ന സ്ക്വാഡാണ് മുംബൈ സിറ്റിക്ക് ഉള്ളത്. ആദ്യത്തെ ഐ എസ് എൽ കിരീടമാണ് മുംബൈ സിറ്റി ലക്ഷ്യമിടുന്നത്. ഒഗ്ബെചെ, ലെ ഫൊണ്ട്രെ, ബൗമസ്, ബിപിൻ സിങ് തുടങ്ങിയ അറ്റാക്കിംഗ് നിര ഏതു ഡിഫൻസിനെയും വീഴ്ത്താൻ കഴിവുറ്റതാണ്.