ക്രിസ്റ്റ്യാനോയെ വിൽക്കാനൊരുങ്ങി യുവന്റസ്; ഏജന്റ് റയലുമായി ചര്‍ച്ച തുടങ്ങി
റയൽ സന്നദ്ധത കാണിച്ചില്ലെങ്കിൽ ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയാണ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ സാധ്യത.
തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാൻ കഴിയാത്ത സാഹചര്യത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്. ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാൻ ഇറ്റാലിയൻ ക്ലബ്ബിന് കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിൽ താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് റയൽ മാഡ്രിഡുമായി ചർച്ച തുടങ്ങിയെന്നും വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോർച്ചുഗീസ് താരത്തിനു വേണ്ടി റയലിനൊപ്പം പി.എസ്.ജിയും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2011 മുതൽ തുടർച്ചയായി ഇറ്റാലിയൻ സീരി എ കിരീടം നേടുന്ന യുവന്റസ്, ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ടാണ് 2018-ൽ ക്രിസ്റ്റ്യാനോയെ 100 മില്യൺ യൂറോ (860 കോടി രൂപ) നൽകി സ്വന്തമാക്കിയത്. യുവന്റസിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിനായി അസാധ്യമായ കാര്യങ്ങൾ വരെ താൻ ചെയ്യുമെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോയുടെ വരവിനു ശേഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പോലും ഇടംനേടാൻ ടൂറിൻ ആസ്ഥാനമായുള്ള ക്ലബ്ബിനായില്ല.
പൊറുക്കാനാവാത്ത പിഴവ്
ഈയാഴ്ച എഫ്.സി പോർട്ടോക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ ക്രിസ്റ്റ്യാനോയുടെ പിഴവിലാണ് യുവന്റസ് ഗോൾ വഴങ്ങിയതും പുറത്തായതും. എക്‌സ്ട്രാ ടൈമിന്റെ 25-ാം മിനുട്ടിൽ പോർട്ടോ താരം സെർജിയോ ഒലിവേര നിലംപറ്റെ എടുത്ത ഫ്രീകിക്ക് ക്രിസ്റ്റ്യാനോയുടെ കാലുകൾക്കിടയിലൂടെയാണ് ഗോളിലെത്തിയത്. 55-ാം മിനുട്ടിനു ശേഷം പത്തു പേരുമായി കളിച്ച പോർട്ടോയെ തോൽപ്പിക്കാൻ യുവെക്ക് കഴിയാതിരുന്നതും ഗോൾ വഴങ്ങിയ ക്രിസ്റ്റിയാനോയുടെ പിഴവും ആരാധകരെ പ്രകോപിതരാക്കി.
പോർച്ചുഗീസ് താരത്തിന്റെ അശ്രദ്ധയാണ് എവേ മത്സരത്തിൽ നിർണായക ഗോൾ വഴങ്ങാൻ കാരണമായതെന്നും ഇത് പൊറുക്കാൻ കഴിയാത്ത പിഴവാണെന്നും മുൻ യുവന്റസ് കോച്ച് ഫാബിയോ കാപെല്ലോ വിമർശിച്ചു. വൻതുക നൽകി ക്രിസ്റ്റ്യാനോയെ വാങ്ങിയത് അബദ്ധമായിരുന്നുവെന്ന് മുൻ യുവന്റസ് പ്രസിഡണ്ട് ജിയോവന്നി കൊബോലിയും പറഞ്ഞു.
വമ്പിച്ച വിലക്കുറവ്
ക്രിസ്റ്റ്യാനോയെ വാങ്ങാൻ മുടക്കിയ തുകയുടെ മൂന്നിലൊന്നിൽ താഴെയുള്ള തുക (29 മില്യൺ യൂറോ) എങ്കിലും നൽകാൻ സന്നദ്ധതയുള്ള ക്ലബ്ബിന് താരത്തെ വിൽക്കാൻ യുവന്റസ് ഒരുക്കമാണെന്നാണ് ഇംഗ്ലീഷ്, ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022 ജൂണിൽ കരാർ അവസാനിക്കുമെങ്കിലും 36-കാരനെ അതുവരെ നിലനിർത്താൻ യുവന്റസിന് താൽപര്യമില്ല. പ്രതിവർഷ പ്രതിഫലമായ 32 മില്യൺ യൂറോ ഒരു വർഷം കൂടി നൽകുന്നതിനേക്കാൾ ലാഭം ഇപ്പോൾ തന്നെ താരത്തെ ഒഴിവാക്കുന്നതാണെന്ന് ക്ലബ്ബ് കണക്കുകൂട്ടുന്നതായി ഇറ്റാലിയൻ മാധ്യമമായ കൊറിയർ ദെല്ലോ സ്‌പോർട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു.
2018-ൽ ക്രിസ്റ്റിയാനോക്കൊപ്പം ക്ലബ്ബ് വിട്ട കോച്ച് സൈനദിൻ സിദാൻ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയതിനാൽ സ്പാനിഷ് ക്ലബ്ബിൽ തിരികെ ചേരാനാണ് താരത്തിന് താൽപര്യം. ഇക്കാര്യത്തിൽ ക്രിസ്റ്റിയാനോയും സിദാനും സംസാരിച്ചുവെന്നും താരത്തിന്റെ ഏജന്റ് ജോർ മെൻഡസ് റയൽ മാനേജ്‌മെന്റുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും മാഡ്രിഡ് ക്ലബ്ബുമായി അടുത്ത ബന്ധമുള്ള സ്‌പോർട്‌സ് ജേണലിസ്റ്റ് ജോസപ് പെഡ്രിറോൽ പറയുന്നു. ക്രിസ്റ്റിയാനോയുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന റയൽ പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസിനെ അനുനയിപ്പിക്കാൻ സിദാന് കഴഞ്ഞാൽ ഏറ്റവും അടുത്ത അവസരത്തിൽ താരം മാഡ്രിഡിൽ തിരിച്ചെത്തിയേക്കും.
തക്കംപാര്‍ത്ത് പി.എസ്.ജിയും
റയൽ സന്നദ്ധത കാണിച്ചില്ലെങ്കിൽ ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയാണ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ സാധ്യത. ഈ സീസൺ ഒടുവിൽ കെയ്‌ലിയൻ എംബാപ്പെ ക്ലബ്ബ് വിടുമെന്ന ഏറെക്കുറെ ഉറപ്പായിരിക്കെയാണ് പകരക്കാരനായി ഒരു ഹൈപ്രൊഫൈൽ താരത്തെ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് തേടുന്നത്. അടുത്ത സീസണിൽ പ്രായം 37 ആകുമെങ്കിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കർ ആവാനുള്ള ആരോഗ്യസ്ഥിതിയും മികവും താരത്തിനുണ്ടെന്നാണ് പി.എസ്.ജിയുടെ വിലയിരുത്തൽ.
സീസണൊടുവിൽ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണ വിടുകയാണെങ്കിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പി.എസ്.ജി നടത്തുന്നുണ്ട്. എന്നാൽ, ക്രിസ്റ്റ്യാനോയെയും മെസ്സിയെയും ഒന്നിച്ച് അണിനിരത്താൻ ക്ലബ്ബിന് പദ്ധതിയില്ല. മെസ്സിയെ സ്വന്തമാക്കുക എളുപ്പമല്ലെന്ന് ഫ്രഞ്ച് ക്ലബ്ബിന്റെ സ്‌പോർട്ടിങ് ഡയറക്ടർ ലിയണർഡോ പ്രസ്താവിച്ചതു കൂടി കണക്കിലെടുക്കുമ്പോൾ, ക്രിസ്റ്റിയാനോക്കു വേണ്ടി അവർ ശക്തമായി രംഗത്തുവരാനാണ് സാധ്യത. മെസ്സിക്കു വേണ്ടി അഞ്ചുവർഷ കരാറിന് 500 മില്യൺ മുടക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാകുന്ന സാഹചര്യത്തിൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ക്രിസ്റ്റിയാനോയെ വാങ്ങാനാകുമെന്നതും പി.എസ്.ജിയെ ആകർഷിക്കുന്ന ഘടകമാണ്.