ബാഴ്സലോണക്കും യുവന്റസിനും തകര്‍പ്പന്‍ ജയം
ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് തകര്‍ത്തുവിട്ടത്.
ലാ ലിഗയിൽ ബാഴ്സലോണക്ക് മികച്ച ജയം. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ജോർഡി ആൽബ, ഇലൈക്സ് മൊറിബ എന്നിവരാണ് ബാഴ്സക്കായി ലക്ഷ്യംകണ്ടത്. 30,83 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. 26 കളികളില്‍ നിന്ന് 56 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. 24 കളികളില്‍ നിന്ന് 58 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്.
അതേസമയം ഇറ്റാലിയൻ ലീഗിൽ യുവന്റസും തകർപ്പന്‍ ജയം സ്വന്തമാക്കി. ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് തകര്‍ത്തുവിട്ടത്. യുവന്റസിനായി അൽവാറോ മൊറാട്ട ഇരട്ട ഗോൾ നേടി. ഇതിലൊന്ന് പെനല്‍റ്റിയിലൂടെയായിരുന്നു. അഡ്രിയാന്‍ റാബിയോയുടെ വകയായിരുന്നു മൂന്നാം ഗോൾ. ജയത്തോടെ 25 കളികളിൽ നിന്നും 52 പോയിന്റുമായി യുവന്റസ് മൂന്നാമതാണ്. 59 പോയന്റുമായി ഇന്റര്‍ മിലാനാണ് ലീഗിൽ ഒന്നാമത്. 52 പോയിന്റുമായി മിലാനാണ് രണ്ടാം സ്ഥാനത്ത്.
ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിച്ച് വിജയക്കുതിപ്പ് തുടരുകയാണ്. ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിച്ചിന്റെ ജയം. ബയേൺ മ്യൂണിച്ചിനായി പോളിഷ് ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്കി ഹാട്രിക്ക് നേടിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ലിയോൺ ഗോരെട്സ്കയാണ്. എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളുകൾ കളിയുടെ ആദ്യ 9 മിനുട്ടിൽ തന്നെ ബൊറുസിയ ഡോർട്ട്മുണ്ടിന് ലീഡ് നൽകിയിരുന്നു. എന്നാല്‍ ലെവൻഡോസ്കിയിലൂടെ ബയേണ്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.