ട്രെയിനുകൾ പാളം തെറ്റാതെ കാക്കുന്നവരുടെ ജീവന് പുല്ലുവില; അഞ്ച് വർഷത്തിനിടെ മരിച്ചത് 13 കീമാന്മാർ
കടുത്ത ജോലിഭാരവും സുരക്ഷിതത്വക്കുറവും മൂലം ആശങ്കയോടെ ജോലി ചെയ്യുന്ന ഇവരുടെ പ്രശ്നം റെയില്‍വേ കണ്ട ഭാവം നടിക്കുന്നില്ല
കൊച്ചി: സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഭീതിയോടെയാണ് റെയില്‍വേ കീമാന്‍മാർ ജോലി ചെയ്യുന്നത്. അഞ്ചു വർഷത്തിനിടെ കേരളത്തില്‍ മാത്രം പതിമൂന്ന് കീമാന്‍മാരാണ് ട്രെയിനിടിച്ച് മരിച്ചത്. കടുത്ത ജോലിഭാരവും സുരക്ഷിതത്വക്കുറവും മൂലം ആശങ്കയോടെ ജോലി ചെയ്യുന്ന ഇവരുടെ പ്രശ്നം റെയില്‍വേ കണ്ട ഭാവം നടിക്കുന്നില്ല.
റെയില്‍ പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കി ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തലും തടസങ്ങള്‍ നീക്കലുമാണ് കീമാന്‍മാരുടെ ജോലി. ദിനവും 16 കിലോമീറ്റർ ദൂരം റെയില്‍വേ ട്രാക്കിലൂടെ നടന്ന് വേണം ഈ ജോലി ചെയ്യാന്‍ . ഇളകിയ ഫിഷ് പ്ലേറ്റ് പുനസ്ഥാപിക്കുക, ബോൾട്ട് മുറുക്കുക, ട്രാക്കുകളിൽ വീണ മരം വെട്ടിമാറ്റുക, ഇരുവശങ്ങളിലേയും കാട് വെട്ടുക തുടങ്ങിയവയൊക്കെ ഇവരുടെ ഡ്യൂട്ടിയാണ് . രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ജോലി.
സ്പാനർ,ഹാമർ,രണ്ട് റെയിൽപീസ്, കീമാൻ ബോർഡ് ക്ലിപ്പ് എന്നിവക്കൊപ്പം ഭക്ഷണവും വെള്ളവും ബാഗിൽ കരുതണം . ഇരുപത് കിലോയുള്ള ഈ ബാഗ് കൂടി ചുമന്ന് വേണം പതിനാറ് കിലോമീറ്റർ നടക്കാന്‍ . ട്രെയിന്‍ വരുന്നത് മുന്‍കൂട്ടി അറിയാന്‍ ഇവർക്കൊരു മാർഗവുമില്ല. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കില്‍ നിന്നും മാറി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിവിശേഷം പോലുമുണ്ടാകാറുണ്ട്. കീമാൻമാർക്ക് നൽകേണ്ട സുരക്ഷാ ഉപകരണമായ രക്ഷക് എന്ന വാക്കിടോക്കി ഇവർക്ക് നല്‍കുന്നില്ല. സുരക്ഷാ ഉപകരണങ്ങൾക്ക് വേണ്ടി പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയ ഉത്തമൻ എന്ന കീമാനും കഴിഞ്ഞ മാസം ട്രെയിനിടിച്ച് മരിച്ചു.