സൌമ്യവധക്കേസ്: പുനപ്പരിശോധന ഹരജി നല്‍കണമെന്ന് കോടിയേരി; സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് സുധീരന്‍
സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പുനപ്പരിശോധന ഹരജി സമര്‍പ്പിക്കാന്‍ തയാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി ഏഴു വര്‍ഷത്തെ കഠിന തടവ് മാത്രമായി ശിക്ഷ വിധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പുനപ്പരിശോധന ഹരജി സമര്‍പ്പിക്കാന്‍ തയാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.
കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിഎം സുധീരന്‍ പറഞ്ഞു. പഴുതടച്ച രീതിയില്‍ കേസ് സുപ്രിംകോടതിയില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി. വിധി നല്‍കുന്നത് തെറ്റായ സന്ദേശമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു.
വധശിക്ഷക്കെതിരായ സിപിഎം നിലപാട് തന്നെയാണോ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ കാര്യക്ഷമത കാട്ടിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
സൌമ്യ കേസിലെ വിധി സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ് കാണിക്കുന്നതെന്ന സുധീരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എകെ ബാലനും വിഎസ് അച്യുതാനന്ദനും രംഗത്തെത്തി.
കീഴ്ക്കോടതി വിധി വൈകാരികമായി പുറപ്പെടുവിക്കപ്പെട്ടതായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍ പ്രതികരിച്ചു. സുരക്ഷാ കാരണം മുന്‍നിര്‍ത്തി ഗോവിന്ദച്ചാമിയെ തമിഴ്‍നാട്ടിലേയോ ആന്ധ്രയിലേയോ ജയിലിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ളി വാസു. സൌമ്യയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എന്ന നിലക്ക് തന്റെ വാദം കേള്‍ക്കാന്‍ പോലും അഭിഭാഷകന്‍ തയ്യാറായിട്ടില്ല. ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴിനല്‍കിയ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ട്. ഇത് നല്ല പ്രവണതയല്ലെന്നും ഷെര്‍ളി വാസു കൊച്ചിയില്‍ പറഞ്ഞു.