തൃപ്പൂണിത്തുറയിലെ ഘര്‍വാപസി: ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് വി എം സുധീരന്‍
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി എം സുധീരന്‍. ആശങ്കയുളവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും ഇത്തരം പരാതികളെ സര്‍ക്കാര്‍ ഗൌരവമായി കാണുമെന്നും സിപിഎം നേതാവ് ടി എന്‍ സീമ
തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തെപ്പറ്റിയുള്ള മീഡിയവണ്‍ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ആശങ്കയുളവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും ഇത്തരം പരാതികളെ സര്‍ക്കാര്‍ ഗൌരവമായി കാണുമെന്നും സിപിഎം നേതാവ് ടി എന്‍ സീമ പറഞ്ഞു. ഇത്തരം കേസുകളിലുള്ള കുറ്റകരമായ മൌനം വെടിഞ്ഞ് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗും ആവശ്യപ്പെട്ടു.
ഇതര മതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണെന്ന വെളിപ്പെടുത്തലാണ് മീഡിയവണ്‍ പുറത്തുവിട്ടത്. തൃപ്പൂണിത്തുറയിലെ യോഗ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് ഘര്‍വാപസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവിട്ടത്. ഹില്‍പാലസ് പൊലീസിലും ഹൈക്കോടതിയിലും യുവതി പരാതി നല്‍കി. അഹിന്ദുക്കളെ വിവാഹം ചെയ്ത 65 പെണ്‍കുട്ടികളെ ഈ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും യുവതി മീഡിയവണിനോട് വെളിപ്പെടുത്തി.