കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ട 700ലേറെ പേർ സിപിഎമ്മിലേക്ക്
പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐ നേതൃത്വം പരാജപ്പെട്ടതാണ് പാർട്ടി വിടാൻ കാരണമെന്ന് ജില്ലാ കൗൺസിൽ മുൻ അംഗം ജെ.സി അനിൽ പറഞ്ഞു
കൊല്ലം: കടയ്ക്കലിൽ സിപിഐ വിട്ടവർ സിപിഎമ്മിലേക്ക്. 700 ലേറെ പേർ സിപിഎമ്മിൽ ചേരുമെന്ന് സിപിഐ ജില്ലാ കൗൺസിൽ മുൻ അംഗം ജെ.സി അനിൽ പറഞ്ഞു. കടയ്ക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം.
സിപിഐയിൽ നിന്ന് പുറത്താക്കിയ നേതാവാണ് ജെ.സി അനിൽ. എംഎന്‍ സ്മാരക നവീകരണത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന പാർട്ടി കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐ നേതൃത്വം പരാജപ്പെട്ടതാണ് പാർട്ടി വിടാൻ കാരണമെന്ന് ജെ.സി അനിൽ പറഞ്ഞു. ഇടതുപക്ഷത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരടക്കമാണ് കടക്കലില്‍ നിന്ന് രാജിവെച്ചത് .
അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് - സംസ്ഥാന സമിതി യോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. പിഎം ശ്രീ വിഷയത്തിലുണ്ടായ ആശയക്കുഴപ്പം പാർട്ടി നേതൃത്വം സംഘടനാ യോഗങ്ങളിൽ വിശദമാക്കിയേക്കും . കരാറിൽ നിന്ന് പിന്നോട്ട് പോകാനുള്ള സാഹചര്യം യോഗങ്ങളിൽ വിശദീകരിക്കും. സിപിഐയുമായി ഉണ്ടാക്കിയ സമവായവും മുഖ്യമന്ത്രി പാർട്ടി യോഗങ്ങളിൽ വ്യക്തമാക്കിയേക്കും. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് പാർട്ടി ജനറൽ സെക്രട്ടറിയെടുത്ത സമീപനമാണ് പിഎം ശ്രീയിൽ പ്രശ്നപരിഹാരം സാധ്യമായത് എന്ന ചർച്ച പാർട്ടിക്കുള്ളിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരികെ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് നേതൃയോഗങ്ങളുടെ അജണ്ട.