ഒരു പാർട്ടിയിലും ചേരാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല, സിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ജീവിതാഭിലാഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിക്ക് സുരേഷ് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു

Update: 2026-02-12 05:20 GMT

പാലക്കാട്: ഒരു പാര്‍ട്ടിയിലും ചേരാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ. സുരേഷ്. കോണ്‍ഗ്രസ് നേതാക്കളുമായി പല വിഷയങ്ങളിലും ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും മലമ്പുഴയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സിപിഎമ്മിന് നയവ്യതിയാനം സംഭവിച്ചുവെന്നും എ. സുരേഷ് ആരോപിച്ചു.

'ഞാന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നതാണ് വാസ്തവം. അംഗത്വത്തിലേക്ക് വരാന്‍ ഞാന്‍ എന്തെല്ലാം ചെയ്‌തെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് എം.എ ബേബിക്ക് എഴുതിയത്. പാര്‍ട്ടിക്കകത്ത് ഒരുപാട് നയവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കയറിക്കൂടിയിട്ടുണ്ടെന്ന് ആദ്യമായി പറയുന്നയാളല്ല ഞാന്‍. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം പാര്‍ട്ടിക്കകത്ത് ഗൗരവത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടായിരുന്നു. എന്തുകൊണ്ട് കൊണ്ട് തോറ്റുവെന്ന ചര്‍ച്ചകളില്‍ വന്ന കാര്യങ്ങളാണ് ഞാനീ പറയുന്നത്. അകത്ത് കയറിക്കൂടാന്‍ പാടില്ലാത്ത നിറയെ പുഴുക്കുത്തുകള്‍ പാര്‍ട്ടിയില്‍ കയറിക്കൂടിയിട്ടുണ്ട്. പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞത് ഞാനല്ല'. സുരേഷ് വ്യക്തമാക്കി.

Advertising
Advertising

'നീ വല്ല ബിജെപിയിലോ കോണ്‍ഗ്രസിലോ ചെന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ച് കുറച്ച് കാലത്തിന് ശേഷം തിരിച്ചുവരികയാണെങ്കില്‍ നിന്നെ പാര്‍ട്ടിയിലെടുക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ തമാശരൂപത്തില്‍ പറയാറുണ്ട്. അതാണ് ഇപ്പോള്‍ എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. പലസ്ഥലങ്ങളിലും പല പാര്‍ട്ടികളിലുമുള്ളവരെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നല്ല കാര്യം തന്നെയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നമ്മളുടെ പരിശ്രമങ്ങള്‍. സ്വാഭാവികമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്കകത്ത് സ്‌പേസ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാനടക്കമുള്ള അനേകം പ്രവര്‍ത്തകര്‍. വിഭാഗീയതയുടെ പേരില്‍ ബലിയാടുകളായി കഴിയേണ്ടിവന്ന നിരവധിപേരുടെ ശബ്ദമാണ് ഞാന്‍ പറഞ്ഞത്'.

'കെപിസിസി നേതാക്കള്‍ വളരെ അനുതാപപൂര്‍വമാണ് തന്നോട് സംസാരിച്ചത്. അവരോട് അതെയെന്നോ അല്ലായെന്നോ ഞാന്‍ ഉറപ്പുപറഞ്ഞിട്ടില്ല. ഇതൊന്നും ദോശ ചുട്ടെടുക്കുന്നത് പോലെ നിസാരമായ കാര്യങ്ങളല്ലോ. ഇനിയും ആലോചിക്കാനുണ്ട്. ആളുകളുടെ വ്യക്തിത്വത്തെയും നയങ്ങളെയും ബാധിക്കുന്ന കാര്യമാണ്. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എന്നെ സ്‌നേഹിക്കുന്നവരുമായി ആലോചിക്കാനുണ്ട്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ജീവിതാഭിലാഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിക്ക് സുരേഷ് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവിലും പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചുവെന്നും ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും തന്നെ മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കുന്നതിലുള്ള അയോഗ്യത എന്തായിരുന്നുവെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കിയെന്ന കുറ്റം ചുമത്തിയാണ് 2013ല്‍ സുരേഷിനെ സിപിഎം പുറത്താക്കിയത്. സുരേഷിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് കത്ത്. സുരേഷിനെ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കാനാണ് ശ്രമം. ഇതിനായി സുരേഷുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News