അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ ആക്രമണം വർധിക്കുന്നതിൽ ആശങ്ക; ഇന്ത്യാ ദിനാഘോഷം മാറ്റിവെച്ചു
വംശീയ അധിക്ഷേപവും ആക്രമണവും വർധിക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ ആശങ്കയിലാണ്.
ഡബ്ലിൻ: കുടിയേറ്റക്കാർക്കെതിരായ വംശീയ ആക്രമണങ്ങളുടെ ഭാഗമായി ഇന്ത്യക്കാർക്കെതിരെയും അയർലൻഡിൽ ആക്രമണം വർധിക്കുന്നു. വംശീയ അധിക്ഷേപവും ആക്രമണവും വർധിക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ ആശങ്കയിലാണ്. അടുത്തിടെ മൂന്നോ നാലോ ആക്രമണം അടുപ്പിച്ച് ഉണ്ടായതിനെ തുടർന്ന് സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് നടത്താനിരുന്ന ഇന്ത്യാ ദിനാഘോഷം മാറ്റിവെച്ചു. അയർലൻഡ് ഇന്ത്യാ കൗൺസലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 17ന് ഫിനിക്‌സ് പാർക്കിലാണ് പരിപാടി സംഘിടിപ്പിക്കാനിരുന്നത്.
കുടിയേറ്റക്കാർക്കെതിരായ ആക്രണം തുടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരിപാടി നടത്തുന്നത് പ്രകോപനമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പരിപാടി മാറ്റിവെച്ചത്. ഇന്ത്യൻ സമൂഹം ദേശീയ ദിനങ്ങളും ആഘോഷ ദിനങ്ങളും വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കാറുണ്ടായിരുന്നു. ഇന്ത്യാ ദിനാഘോഷം മാറ്റിവെച്ചത് മലയാളികളടക്കം ഇന്ത്യൻ പ്രവാസികളിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.