പി.വി അൻവറിനോട് നിലപാട് കടുപ്പിച്ച് കോൺഗ്രസ്; പരസ്യ എതിർപ്പ് എങ്ങനെ അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്
യുഡിഎഫ് നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണമെന്നും സണ്ണി ജോസഫ് പറഞ്ഞു
തിരുവനന്തപുരം: യുഡിഎഫിനെതിരായ പരാമർശത്തിൽ പി.വി അൻവറിനോട് നിലപാട് കടുപ്പിച്ച് കോൺഗ്രസ്. യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാർട്ടിയും പരസ്യമായി എതിർപ്പ് അറിയിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചോദിച്ചു.
'ആ ചോദ്യത്തിന് അന്‍വര്‍ കൃത്യമായും വ്യക്തമായും മറുപടി നല്‍കണം.യുഡിഎഫ് നേതൃത്വം എല്ലാ നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണം. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് പി.വി അൻവർ ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചു. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെയാണ്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ സഹകരിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതിനിടയിൽ അന്‍വറുമായി അനുനയ ചർച്ചകളും തുടരുന്നുണ്ട്. ചർച്ച തുടരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മീഡിയവണിനോട് പറഞ്ഞു. അൽപസമയം മുന്‍പ് രമേശ് ചെന്നിത്തല അൻവറുമായി സംസാരിച്ചു.അൻവർ തിരുത്തിപറഞ്ഞാൽ അസോസിയേറ്റ് മെമ്പർഷിപ്പിൽ ചർച്ച തുടരാമെന്നാണ് കോൺഗ്രസ് നിലപാട്.