കസ്റ്റഡി മർദന പരാതി; പൊലീസുകാർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനെതിരെ പരാതിക്കാരൻ
കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെ പൊലീസ് പിടികൂടി മർദിച്ചു എന്നതാണ് ഹരീഷിന്റെ പരാതി
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാർക്ക് എതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനെതിരെ പള്ളിക്കൽ സ്വദേശി ഹരീഷ്. ക്രൂരമർദനത്തിന് ഇരയാക്കിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെ പൊലീസ് പിടികൂടി മർദിച്ചു എന്നതാണ് ഹരീഷിന്റെ പരാതി.
2024 സെപ്റ്റംബർ നാലാം തിയതി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കം ഉണ്ടായത്. ജോലി സ്ഥലത്തു നിന്ന് പിടികൂടിയ പരാതിക്കാരനെ മണിക്കൂറുകളോളം വാഹനത്തിലും സ്റ്റേഷനിലും വച്ചു മർദിച്ചു എന്നതാണ് പരാതി. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ജോലി ചെയ്ത് കുടുംബം പോറ്റാനാകുന്നില്ല എന്ന് ഹരീഷ് പറയുന്നു.
പരാതിയുമായി കോടതിയെ സമീപിച്ചതോടെ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും വരെ നിയമ പോരാട്ടം തുടരാനാണ് ഹരീഷിന്റെ തീരുമാനം.
ദൃശ്യങ്ങൾ ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കും. ഹരീഷിനെ മർദിച്ചെന്ന ആരോപണം നേരിടുന്ന എസ്‌ഐയ്ക്ക് എതിരെ കുണ്ടറയിൽ മരിച്ച സൈനികന്റെ അമ്മയുടെയും പരാതിയുണ്ട്.