'മാധ്യമം' പത്രത്തിനെതിരായ പൊലീസ് നടപടി ഹൈക്കോടതി തടഞ്ഞു
വാർത്തയുടെ ഉറവിടം തേടിയും ലേഖകന്റെ മൊബൈൽ ഫോൺ ഹാജരാക്കാനുമുള്ള ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
കൊച്ചി: വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമം പത്രത്തിനെതിരെ പൊലീസ് നടത്തിയ നീക്കം ഹൈക്കോടതി തടഞ്ഞു. വാർത്തയുടെ ഉറവിടം തേടിയും ലേഖകന്റെ മൊബൈൽ ഫോൺ ഹാജരാക്കാനുമുള്ള ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മാധ്യമത്തിന്റെ ഹരജിയിൽ ജസ്റ്റിസ് കെ.വി ജയകുമാറിന്റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.
പിഎസ്‌സി അപേക്ഷകരുടെ വിവരങ്ങൾ ഡാർക് വെബിൽ വന്നത് സംബന്ധിച്ചായിരുന്നു മാധ്യമത്തിലെ റിപ്പോർട്ട്. വാർത്ത നൽകിയ റിപ്പോർട്ടർ അനിരു അശോകന്റെ ഫോൺ രണ്ട് ദിവസത്തിനകം ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാർത്തയുടെ ഉറവിടം വ്യക്തമാക്കാൻ കഴിയില്ലെന്ന് അനിരു അശോകൻ വ്യക്തമാക്കിയിരുന്നു.
പിഎസ്‌സിയുടെ ഔദ്യോഗിക രേഖ എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് മാധ്യമം ചീഫ് എഡിറ്റർക്കും നോട്ടീസ് അയച്ചിരുന്നു. ഉദ്യോഗാർഥികളുടെ യൂസർ ഐഡി അടക്കം ചോർന്നത് മാധ്യമം പുറത്തുകൊണ്ടുവന്നിരുന്നു. വിവരങ്ങൾ ചോർത്തി സൈബർ ഹാക്കർമാർ ഡാർക്ക് വെബിൽ വിൽപ്പനക്ക് വച്ചുവെന്നായിരുന്നു റിപ്പോർട്ട്.