സർക്കാർ ഫണ്ട് മുടങ്ങി, ആശുപത്രികള്‍ പിന്മാറി; മലബാറില്‍ 'ഹൃദ്യം' പദ്ധതി പ്രതിസന്ധിയില്‍

മലബാർ മേഖലയിലെ ഏക ചികിത്സാകേന്ദ്രമായ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയും പിന്മാറിയതോടെ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്

Update: 2024-08-24 05:07 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ: സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതികളിലൊന്നായ 'ഹൃദ്യം' താളംതെറ്റുന്നു. സർക്കാർ ഫണ്ട് മുടങ്ങിയതോടെ പദ്ധതിയുമായി സഹകരിച്ചിരുന്ന ഏഴ് ആശുപത്രികളിൽ രണ്ടെണ്ണം പദ്ധതിയിൽനിന്ന് പിന്മാറി. മലബാർ മേഖലയിലെ ഏക ചികിത്സാകേന്ദ്രമായ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയും പിന്മാറിയതോടെ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്.

സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ 2017ൽ ആരംഭിച്ച 'ഹൃദ്യം' പദ്ധതിയാണ് മലബാർ മേഖലയിൽ താളംതെറ്റുന്നത്. പദ്ധതിയിൽ എംപാനല്‍ ചെയ്തിരുന്ന ഏഴ് ആശുപത്രികളില്‍ വടക്കന്‍ ജില്ലകളില്‍ ആകെയുണ്ടായിരുന്നത് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി മാത്രമായിരുന്നു. സർക്കാർ ഫണ്ട് ലഭിക്കാതായതോടെ ഏപ്രില്‍ മുതല്‍ അവർ പദ്ധതിയിൽനിന്ന് പിന്‍മാറി. തുടര്‍ചികിത്സയ്ക്കു രോഗികളുടെ രക്ഷിതാക്കൾ പണം നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതോടെ ലക്ഷങ്ങൾ ചിലവുവരുന്ന ഹൃദയ ചികിത്സ പ്രതിസസിയിലായി. ഇതോടെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ നൂറുകണക്കിന് കുഞ്ഞുങ്ങളാണ് കടുത്ത ദുരിതത്തിലായത്.

Advertising
Advertising

തിരുവനന്തപുരം, കോട്ടയം, കൊച്ചി, തിരുവല്ല എന്നിവിടങ്ങളിലായി ആറ് ആശുപത്രികളില്‍ മാത്രമാണ് നിലവിൽ ഹൃദ്യം പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്നത്. ചികിത്സയ്ക്കായി ഈ ആശുപത്രികളെ ആശ്രയിക്കേണ്ട നിലയിലാണ് മലബാർ മേഖലയിലെ രക്ഷിതാക്കൾ. കോഴിക്കോട് മെഡിക്കല്‍ കോളജിൽ പീഡിയാട്രിക് കാര്‍ഡിയോളജി ഇല്ലാത്തതാണ് സർക്കാർ മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിന് തടസ്സമാകുന്നത്. ജില്ലാ ആശുപത്രികളിലടക്കം പീഡിയാട്രിക് കാര്‍ഡിയോളജി സംവിധാനം ഏര്‍പ്പെടുത്തി മലബാര്‍ മേഖലയിലെ ചികിത്സാ പ്രതിസന്ധി പരിഹരിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

Full View

Summary: Kerala government's 'Hridyam Kerala' project derails in Malabar due to the lack of government funds

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News