കൊക്കോകോളയുടെ കൈവശമുള്ള 35 ഏക്കര്‍ ഭൂമി സര്‍ക്കാറിന് തിരിച്ചു നല്‍കാന്‍ തീരുമാനം

ഭൂമി തിരിച്ചുനല്‍കാന്‍ സമ്മതമറിയിച്ച് കമ്പനി മുഖ്യമന്ത്രിക്ക് കത്ത് നൽകി

Update: 2023-04-20 16:47 GMT

പാലക്കാട്: കൊക്കോകോള കമ്പനിയുടെ കൈവശമുള്ള പ്ലാച്ചിമടയിലെ 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും. മുഖ്യമന്ത്രിക്ക് കൊക്കോകോള കമ്പനി കത്ത് നൽകി. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവുമാണ് സംസ്ഥാന സർക്കാരിന് കൈമാറാൻ കമ്പനി തീരുമാനിച്ചത്.

ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ ആരംഭിച്ചിരുന്നു.

മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ പരിസമാപ്തിയിലാണ് ഭൂമിയും കെട്ടിടവും വിട്ടു നൽകാൻ കമ്പനി തയ്യാറായിരിക്കുന്നത്. കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിർമ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News