'തെറ്റിനെ തെറ്റായി കാണുന്നു, നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; എം.എം മണിക്കെതിരായ പരാമർശത്തിൽ കെ. സുധാകരൻ

മഹിളാ കോൺഗ്രസിന്റെ പരിപാടിയിൽ എം.എം മണിയെ വംശീയമായി അധിക്ഷേപിച്ചതിനെ സുധാകരൻ ന്യായീകരിച്ചതാണ് വിവാദമായത്. എം.എം മണിയുടെത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം.

Update: 2022-08-30 10:55 GMT
Advertising

തിരുവനന്തപുരം: എം.എം മണിയെ അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തെറ്റിനെ തെറ്റായി കാണുന്നുവെന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.

ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.

തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Full View

മഹിളാ കോൺഗ്രസിന്റെ പരിപാടിയിൽ എം.എം മണിയെ വംശീയമായി അധിക്ഷേപിച്ചതിനെ സുധാകരൻ ന്യായീകരിച്ചതാണ് വിവാദമായത്. എം.എം മണിയുടെത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം. മണിയുടെ യഥാർഥ മുഖമല്ലേ ഫ്‌ളക്‌സിൽ കാണിക്കാൻ പറ്റൂ, മാന്യത ഉള്ളതുകൊണ്ടാണ് മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞതെന്നും കെ. സുധാകൻ പറഞ്ഞിരുന്നു.

ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം മണിയുടെ തലയൊട്ടിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം. കെ.കെ രമക്കെതിരായ പരാമർശത്തിൽ സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News