ഭര്‍ത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചു; 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ക്രൂരകൊലപാതകം നടത്തി ഭാര്യ

മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു

Update: 2025-09-13 06:27 GMT
Editor : ലിസി. പി | By : Web Desk

മൈസൂരു: ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് 45കാരൻ വെങ്കിട സ്വാമിയെ ഭാര്യ സല്ലാപുരി (37) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ കടുവ കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ വനം വകുപ്പിന്‍റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നതെന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ എട്ടിന് രാത്രി 10.30 മുതൽ ഭർത്താവിനെ വീട്ടിൽ നിന്ന് കാണാനില്ലെന്നായിരുന്നു വെങ്കിട സ്വാമിയുടെ ഭാര്യ  പൊലീസിൽ നല്‍കിയ പരാതി.  അന്ന് വീട്ടില്‍  വൈദ്യുതി ഇല്ലായിരുന്നെന്നും   ഒരു ശബ്ദം കേട്ട് ടോർച്ചുമായി  വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വെങ്കിട സ്വാമി പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ലെന്നുമാണ് സല്ലാപുരിയുടെ പരാതി. പിറ്റേന്നും തിരച്ചില്‍ നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ തന്‍റെ ഭര്‍ത്താവിനെ കടുവ കൊന്നെന്ന് സല്ലാപുരി നാട്ടുകാരോടും മറ്റും പറഞ്ഞു.

Advertising
Advertising

നാഗരഹോള കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് വീട്.സല്ലാപുരി പറയുന്നത് സത്യമാണെന്ന് കരുതിയ പൊലീസും വനം ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള തിരച്ചിലാണ് പ്രദേശത്ത് നടത്തിയത്. അന്വേഷണം നടക്കുന്നതിനിടെയില്‍ ഇവരുടെ വീടിന്‍റെ മുറ്റത്ത് മണ്ണ് ഇളകിക്കിടക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരാളെ വലിച്ചിഴച്ച പാടുകളും ഇവിടെയുണ്ടായിരുന്നു. സംശയം തോന്നിയ പൊലീസ് പരിശോധിച്ചപ്പോഴാണ് ചാണകക്കുഴിയില്‍ വെങ്കിട സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.ഹുൻസൂർ അസിസ്റ്റന്റ് കമ്മീഷണർ വിജയ് കുമാറിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഇയാളെ ഭാര്യ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് വനം വകുപ്പ് നല്‍കുന്ന 15 ലക്ഷം രൂപ  നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം ഹെജ്ജുരു ഗ്രാമത്തിന് സമീപം  ഒരു കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇത് മുതലെടുത്താണ് സല്ലാപുരി ഭര്‍ത്താവിനെ കൊല്ലാനായി പദ്ധതിയിട്ടത്.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News