'എം.വി ജയരാജ​ന്റെ സ്ത്രീധനം കൊണ്ടാണ് റോഡ് നിർമിക്കുന്നതെങ്കിൽ ഞാൻ പോകില്ലായിരുന്നു': സണ്ണി ജോസഫ്

കണ്ണൂർ ഇരിട്ടിയിലെ റോഡ് ഉത്ഘാടനത്തിനിടെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് സണ്ണി ജോസഫ് ഇറങ്ങിപ്പോയിരുന്നു

Update: 2025-11-04 15:41 GMT

Photo: MediaOne

കണ്ണൂർ: കണ്ണൂർ ഇരിട്ടി മണ്ഡലത്തിലെ റോഡ് ഉത്ഘാടന പരിപാടിക്കിടെ സിപിഎം പ്രവർത്തകർ തടഞ്ഞതിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എം.വി ജയരാജന്റെ സ്ത്രീധനം കൊണ്ടാണ് റോഡ് നിർമിക്കുന്നതെങ്കിൽ താൻ അവിടെ പോകില്ലായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോ​ഗിച്ച് നിർമിച്ച റോഡ് ജനങ്ങളുടെ പ്രതിനിധി എന്ന നിലക്ക് ഞാൻ ഉത്ഘാടനം ചെയ്യും. അത് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് സഹതാപമേയുള്ളൂവെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

'കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് ചെയ്യുന്നത്. ജയരാജൻ എല്ലാം പറഞ്ഞിട്ടുണ്ട്. ജയരാജൻ കെപിസിസി അധ്യക്ഷൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കേട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം പാർട്ടി സെക്രട്ടറി എം.വി ​ഗോവിന്ദനും ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. ഭയപ്പെടുത്തി ഞങ്ങളെ ഇല്ലാതാക്കാമെന്നാണ് കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി.'സണ്ണി ജോസഫ് പ്രതികരിച്ചു.

Advertising
Advertising

ചാവശ്ശേരിയിൽ റോഡ് ഉത്ഘാടനത്തിന് എത്തിയപ്പോൾ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അ​ദ്ദേഹം.

'എംഎൽഎയ്ക്ക് ഇവിടെ ഒന്നും ചെയ്യാനില്ലെന്നാണ് സിപിഎം പ്രവർത്തകർ തുടക്കംമുതലേ പറഞ്ഞുകൊണ്ടിരുന്നത്. നവകേരള സദസ്സാകുന്ന മല പ്രസവിച്ചത് എലിയെയാണ്. നവകേരള സദസ് വഴി എന്ത് വികസനമാണ് ഉണ്ടായത്. ഏഴ് കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. അതിന് നവകേരള സദസ് വേണോ? എംഎൽഎയോട് ചോദിച്ചാൽ പോരേ. നവകേരളസദസിന് മുമ്പ് പേരാവൂർ മണ്ഡലത്തിലെ 18 വികസന പദ്ധതികൾ സംബന്ധിച്ച് കത്ത് കൊടുത്തു. ഫണ്ടില്ലെന്നാണ് അവരുടെ മറുപടി ലഭിച്ചത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തട്ടിക്കൂട്ടിയ പരിപാടിയായിരുന്നു നവകേരള സദസ്.'അദ്ദേഹം കൂട്ടിച്ചേർത്തു. 

നവകേരള സദസിന്റെ അടിസ്ഥാനത്തിലാണ് റോഡിന് ഫണ്ട് അനുവദിച്ചതെന്നും എംഎൽഎയ്ക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അറിയിച്ചാണ് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്. ഉത്ഘാടനത്തിന് എംഎൽഎയെ ക്ഷണിച്ചിരുന്നുമില്ല. പ്രതിഷേധത്തെ തുടർന്ന് ചടങ്ങിൽ നിന്ന് സണ്ണി ജോസഫ് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് കോൺ​ഗ്രസ് സംഘടിപ്പിച്ച വിശദീകരണ യോ​ഗത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News