'എന്‍റെ പേര് പറയുന്നത് കോൺഗ്രസിന്റെ കച്ചിത്തുരുമ്പല്ലേ, അത് പറയട്ടെ'; തെറ്റ് ചെയ്യാത്തത് കൊണ്ട് കുറ്റബോധമില്ലെന്ന് എം.മുകേഷ് എംഎല്‍എ
ഒരാളെ അപകീർത്തിപ്പെടുത്തുന്നതൊന്നും താന്‍ പറയില്ലെന്നും മുകേഷ് മീഡിയവൺ ബാലറ്റ് റൈഡിനോട് പ്രതികരിച്ചു
കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് എം.മുകേഷ് എംഎൽഎ. എന്റെ വായിൽ നിന്ന് ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ഉണ്ടാവില്ല. അത്തരത്തിലുള്ള രാഷ്ട്രീയം എന്റെ ഭാഗത്ത് നിന്ന് മുന്‍പും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകില്ല. എന്‍റെ പേര് പറയുന്നത് കോൺഗ്രസിന്റെ കച്ചിത്തുരുമ്പല്ലേ, അത് പറയട്ടെയെന്നും മുകേഷ് പറഞ്ഞു.'മീഡിയവൺ ബാലറ്റ് റൈഡിനോടായിരുന്നു' എം.മുകേഷിന്റെ പ്രതികരണം.
'എനിക്കെതിരെ ഉണ്ടായ കാര്യങ്ങൾ ഏശിയിട്ടില്ല.അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുറ്റബോധം ഉണ്ടാകും.ഇത് കോടതിക്ക് മുന്നിലുള്ളതാണ്. സത്യം തെളിയട്ടെ അതിനുള്ള ശുഭാപ്തി വിശ്വാസമുണ്ട്. മഹിളാ ജനാധിപത്യ അസോസിയേഷൻ പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു.അത് അവരുടെ അഭിപ്രായമാണ്. എന്റെ അഭിപ്രായം പറയാൻ ആയിട്ടില്ല , ഇതെല്ലാം കഴിയട്ടെ..' മുകേഷ് പറഞ്ഞു.
'എന്‍റെ ശ്രദ്ധ മുഴുവൻ കൊല്ലത്തിന്റെ വികസനത്തിലായിരുന്നു.എന്നെ തേടിയെത്തുന്ന റോളുകൾ മനോഹരമാക്കും എന്നതിനെക്കുറിച്ചും ആലോചിക്കും. കാസര്‍കോട് മുതല്‍ പാറശ്ശാല വരെ സഞ്ചരിച്ചാലും ഒരാളും എന്നോട് വിവാദങ്ങളെക്കുറിച്ച് ചോദിക്കില്ല.എന്നെ കണ്ടാല്‍ ഓടിവന്ന് ചേട്ടാ അടുത്ത സിനിമ ഏതാണെന്നേ ചോദിക്കൂ..അല്ലെങ്കില്‍ എംഎല്‍എ ആയിട്ട് എങ്ങനെയുണ്ടെന്ന് ചോദിക്കും'. മുകേഷ് പറഞ്ഞു.