പ്ലസ് വൺ പരീക്ഷ ഉത്തരസൂചിക തയ്യാറാക്കുന്ന സമിതിയിൽ വേണ്ടത്ര അധ്യാപകരില്ലെന്ന് പരാതി; പല വിഷയത്തിനുമുള്ളത് അഞ്ചിൽ താഴെ അധ്യാപകർ മാത്രം

എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം ഇല്ലാതെ വരുന്നതും സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയുന്നതും ഉത്തരസൂചികയെ പരിമിതമാക്കുമെന്ന് ഒരു വിഭാഗം അധ്യാപകർ

Update: 2022-06-21 01:12 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കുന്ന സ്‌കീം ഫൈനലൈസേഷൻ സമിതിയിൽ വേണ്ടത്ര അധ്യാപകരില്ല. ഓരോ വിഷയത്തിനും 14 അധ്യാപകർ വേണമെന്നിരിക്കെ പല വിഷയങ്ങൾക്കും ഉള്ളത് അഞ്ചിൽ താഴെ അധ്യാപകർ മാത്രമാണ്. മൂല്യനിർണയത്തെ ഇത് സാരമായി ബാധിക്കുമെന്ന പരാതിയുമായി ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്.

ജൂൺ 13 മുതൽ 30 വരെയാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടക്കുക. ഓരോ വിഷയത്തിനും 14 ജില്ലകളിൽ നിന്നുമുള്ള അധ്യാപകരെ ഉൾപ്പെടുത്തിയുള്ള സമിതിയാണ് ഉത്തരസൂചിക തയ്യാറാക്കാറുള്ളത്. എന്നാൽ ഇത്തവണ പല വിഷയങ്ങളുടെ സമിതിയിലും 14 പേർ ഇല്ലെന്ന് മാത്രമല്ല ഉള്ളതിൽ കൂടുതലും ഒരേ ജില്ലയിൽ നിന്നുള്ളവരാണ്. ഇംഗ്ലീഷിന് ആകെയുള്ളത് 4 പേർ. അതിൽ രണ്ടും പാലക്കാട് നിന്നുള്ളവരാണ്. മലയാളത്തിനുള്ള 4 പേരിൽ 2 ഉം ആലപ്പുഴക്കാർ. ഹിന്ദിക്കാകട്ടെ ആകെയുള്ളത് 5 അധ്യാപകർ ഇതിൽ 3 ഉം കൊല്ലംകാർ.

പ്ലസ്ടു മൂല്യനിർണയത്തിൽ വിവാദമായ കെമിസ്ട്രിക്കായി നിയോഗിച്ച 13 പേരിൽ 3 പേർ തിരുവനന്തപുരത്ത് നിന്ന് 4 പേർ കൊല്ലത്ത് നിന്നുമാണ്. 14 അധ്യാപകർ തികച്ചുള്ളത് ബോട്ടണിക്ക് മാത്രമാണ്. എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം ഇല്ലാതെ വരുന്നതും സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയുന്നതും ഉത്തരസൂചികയെ പരിമിതമാക്കുമെന്നാണ് ഒരു വിഭാഗം അധ്യാപകർ പറയുന്നത്.

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കിയ അധ്യാപകരുടെ കാര്യത്തിലുള്ള വകുപ്പിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് പല അധ്യാപകരും സമിതിയിലംഗമാകാൻ തയ്യാറായില്ല. താല്പര്യപത്രം നൽകിയ സീനിയർ അധ്യാപകരെ അവഗണിച്ച് രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് ജൂനിയറായവരെ ഉൾപ്പെടുത്തിയെന്ന ആരോപണവുമുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News