കണ്ണൂരിൽ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടു; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ വളപ്പിനുളളിൽ അതിക്രമിച്ച് കയറിയ ഷമീം ഇവിടെ സൂക്ഷിച്ചിരുന്ന തന്റെ വാഹനത്തിന് തീയിട്ടത്

Update: 2023-03-14 13:15 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: വളപട്ടണത്ത് പൊലീസ് സ്റ്റേഷൻ വളപ്പിനുളളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. പ്രതിയായ പുതിയ തെരു സ്വദേശി ഷെമീമിനെ പൊലീസ് സാഹസികമായി പിടികൂടി. ഷമീമിന്റേത് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുതിയ തെരു സ്വദേശി ചാണ്ടി ഷെമീമും സഹോദരൻ ഷംസിയും ഇന്നലെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഷംസിയെയും ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെമീം ഓടി രക്ഷപെട്ടു. പിന്നാലെയാണ് പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ വളപ്പിനുളളിൽ അതിക്രമിച്ച് കയറിയ ഷമീം ഇവിടെ സൂക്ഷിച്ചിരുന്ന തന്റെ വാഹനത്തിന് തീയിട്ടത്.

തീ സമീപത്തെ വാഹനങ്ങളിലേക്ക് പടർന്നതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. സ്ഥലത്ത് എത്തിയ ഫയർ ഫോഴ്‌സ് രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു. ഒളിവിൽ പോയ ഷമീം സോഷ്യൽ മീഡിയ വഴി പൊലീസിനെതിരെ വധഭീഷണി മുഴക്കി.പിന്നാലെ കോട്ടക്കുന്നിലെ ഇരു നില കെട്ടിടത്തിന് മുകളിൽ നിന്ന് ഷെമീമിനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

മൽപ്പിടുത്തത്തിനിടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സ്റ്റേഷൻ ആക്രമണവും പൊലീസുകാരെ മർദിച്ചതുമടക്കമുളള വകുപ്പുകൾ ചുമത്തി. പൊലീസ് ഷമീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ ഭാഗത്ത് സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിഎടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News