സംഘടനയ്ക്കെതിരായ ഹൈക്കോടതി പരാമർശം: മാധ്യമപ്രചാരണങ്ങൾ ദുരുദ്ദേശ്യപരമെന്ന് പോപുലർ ഫ്രണ്ട്

കോടതി പരാമർശം നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ അറിയിച്ചു.

Update: 2022-05-15 09:19 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പോപുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും തീവ്ര സംഘടനകളും നിരോധിക്കപ്പെട്ടതുമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ ദുരുദ്ദേശ്യപരമാണെന്ന് പോപുലർ ഫ്രണ്ട്. ഹൈക്കോടതി വിധിയിലെ ഒരു പരാമർശം ഉയർത്തിപ്പിടിച്ച്, നിയമപരമായും സുതാര്യമായും പ്രവർത്തിക്കുന്ന സംഘടനയ്ക്കെതിരെ പല മാധ്യമങ്ങളും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ്. പൊതുജനമധ്യത്തിൽ സംഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പറഞ്ഞു.

പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്റെ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഭാര്യയുടെ ഹരജി തള്ളി ഹൈക്കോടതി നടത്തിയ പരാമർശങ്ങളാണ് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്. എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും തീവ്രസ്വഭാവമുള്ള സംഘടനകളാണെങ്കിലും നിരോധിത സംഘടനകൾ അല്ലെന്നാണ് കോടതി പറഞ്ഞത്. എന്നാൽ, ഈ പരാമർശം മറച്ചുവച്ച് പോപുലർ ഫ്രണ്ട് നിരോധിത സംഘടനയാണെന്നാണ് പല മാധ്യമങ്ങളും വാർത്ത നൽകിയത്. വിധി കഴിഞ്ഞ അഞ്ചാം തിയതിയാണ് വന്നത്. പക്ഷെ സംഘടനയ്‌ക്കെതിരായ അപകീർത്തികരമായ പ്രചാരണം മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഇതിനുപിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാണെന്നും അബ്ദുൽ സത്താർ ആരോപിച്ചു.

''ഹരജിയിൽ വാദം നടന്ന ഒരുഘട്ടത്തിലും പോപുലർ ഫ്രണ്ടിന്റെ ഭാഗം കോടതി കേട്ടിട്ടില്ലെന്ന വസ്തുത മനപ്പൂർവം തിരസ്‌കരിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. ഹരജിക്ക് പിന്നിലുണ്ടായിരുന്ന ആർ.എസ്.എസും സർക്കാർ അഭിഭാഷകനും സമർപ്പിച്ച കെട്ടുകഥകളെ അടിസ്ഥാനമാക്കിയാണ് പോപുലർ ഫ്രണ്ടിനെതിരായ പരാമർശം കോടതിയിൽ നിന്നുണ്ടായത്. നീതിനിർവഹണത്തോട് കാട്ടുന്ന അനീതിയാണിത്. ഏകപക്ഷീയമായ കോടതി വിധി നിലനിൽക്കില്ല. വിരമിക്കലിനു ശേഷം നേടാവുന്ന സ്ഥാനങ്ങൾക്ക് വേണ്ടി നീതി നിർവഹണ സംവിധാനത്തെ ദുരുപയോഗം ചെയുന്ന സംഭവം ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.''

ആരോപണവിധേയരെ കേൾക്കാതെയുള്ള കോടതി പരാമർശം അന്യായവും നീതിരഹിതവുമാണ്. ഈ പരാമർശം നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്നും എ. അബ്ദുൽ സത്താർ അറിയിച്ചു.

Summary: Media campaign against the organisation referring High Court reference is malicious: says Popular Front Kerala state general secretary A Abdul Sathar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News