പിഎസ്‌സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദിച്ച് തള്ളിയിട്ടതായി പരാതി
മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കിഴിശ്ശേരി സ്വദേശി മുജീബിനാണ് ദുരനുഭവം ഉണ്ടായത്.
മലപ്പുറം: പിഎസ്‌സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദിച്ച് തള്ളിയിട്ടതായി പരാതി. കിഴിശ്ശേരി സ്വദേശി തച്ചക്കോട്ടിൽ മുജീബിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് കണ്ണൂരിൽ നിന്ന് ഫറൂക്കിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കിഴിശ്ശേരി സ്വദേശി മുജീബിനാണ് ദുരനുഭവം ഉണ്ടായത്.
ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഡോറിന് സമീപം വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നുവെന്നും ഈ സമയം ഒരാൾ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് മൂന്നു പേർ ചേർന്ന് മർദിക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചിടുകയും ആയിരുന്നുവെന്ന് മുജീബ് റഹ്മാൻ പറയുന്നു. പരിക്കേറ്റ മുജീബ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് മുജീബ് റഹ്മാൻ.