Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പത്തനംതിട്ട: രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനപകടത്തില്‍ യാത്രചെയ്ത മുഴുവനാളുകളും മരിച്ചുവെന്ന ഹൃദയഭേദകമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. അപകടത്തില്‍ മരിച്ച മലയാളിയായ പത്തനംതിട്ട പുല്ലാട് സ്വദേശിനി വിമാനാപകടത്തിൽ മരിച്ച രഞ്ജിത ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്നു. കോഴഞ്ചേരി ആശുപത്രിയിലെ നേഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു.
അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവര്‍ നാട്ടിലെത്തിയത്. ഇന്നലെയാണ് മൂന്നുദിവസത്തെ അവധിക്ക് ശേഷം മൂന്നാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളോടും കുടുംബത്തോടും യാത്രപറഞ്ഞ് രഞ്ജിത യുകെക്ക് യാത്ര തിരിച്ചത്. വിട പറയല്‍ എന്നും നൊമ്പരമാണെങ്കിലും ഏറെ സ്വപ്‌നങ്ങളുമായാണ് രഞ്ജിത തിരിച്ചുപോയത്. ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പറയുന്നു. ആ ആഗ്രഹം ബാക്കിവെച്ചാണ് ഒടുവിലത്തെ മടക്കം.
ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷം സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് യു.കെ.യിലേക്ക് ജോലി മാറി പോയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രഞ്ജിതയുടെ അമ്മ ക്യാന്‍സര്‍ രോഗിയാണ്.
അതേസമയം, വിമാനാപകടത്തില്‍ മരിച്ചവരില്‍ 163 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 230 യാത്രിക്കാര്‍ക്കൊപ്പം 12 ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.