'കാലിക്കറ്റ് സർവകലാശാലയില്‍ കലോത്സവത്തിന്‍റെ മറവിൽ എസ്.എഫ്.ഐ പണപ്പിരിവ്'; ആരോപണവുമായി എം.എസ്.എഫ്

കലോത്സവത്തിനെന്ന പേരിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ അക്കൗണ്ടിലേക്കാണ് ഗൂഗിൾ പേ വഴി പണം സ്വീകരിക്കുന്നത്

Update: 2023-05-20 01:59 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: കാലിക്കറ്റ് സർവകലാശാല കലോത്സവത്തിന്‍റെ മറവിൽ എസ്.എഫ്.ഐ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണവുമായി എം.എസ്.എഫ്. എസ്.എഫ്.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിനു വേണ്ടി കലോത്സവത്തിന്‍റെ മറവില്‍ പണപ്പിരിവ് നടത്തുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ആരോപിച്ചു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്.എഫ്.ഐ ജില്ലാ പ്രതികരിച്ചു.

യൂനിയന്‍റെ കൈവശമുള്ള പണത്തിനു പുറമെ, മുൻകാലങ്ങളിൽ ഇല്ലാത്ത രീതിയിൽ രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ 1,000 രൂപ ഓരോ കോളജുകളിൽനിന്ന് പിരിക്കുന്നുവെന്നാണ് ആരോപണം. മലപ്പുറം ജില്ലയിൽ മാത്രം അഞ്ച് ലക്ഷത്തോളം രൂപ ഈയിനത്തിൽ ലഭിക്കും. കലോത്സവത്തിനെന്ന പേരിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം സ്വീകരിക്കുന്നുവെന്നും എം.എസ്.എഫ് ആരോപിക്കുന്നുണ്ട്.

സർവകലാശാല പുറത്തിറക്കിയ നോട്ടിസിൽ പ്രോഗ്രാം കൺവീനർ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സജാദാണ്. എന്നാൽ, പ്രോഗ്രാം കൺവീനർക്ക് പകരം റസീപ്റ്റിൽ ഒപ്പിട്ടുനൽകുന്നത് മറ്റൊരാളാണെന്ന് പി.കെ നവാസ് പറഞ്ഞു. അക്കാദമിക് വർഷം പൂർത്തിയായ സമയത്ത് നടത്തുന്നതിനാൽ പഠനം പൂർത്തിയാക്കിയ ഒരു ലക്ഷത്തോളം പേർക്ക് കലോത്സവത്തിൽ പങ്കാളിത്തമുണ്ടാകില്ല. ഇപ്പോൾ പഠനം പൂർത്തിയാക്കിയവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് എസ്.എഫ്.ഐ വിശദീകരണം. രജിസ്ട്രേഷൻ കൗണ്ടർ ചുമതലയുള്ള ആളുടെ അക്കൗണ്ടിലേക്കാണ് ഗൂഗിൾ പേ വഴി പണം സ്വീകരിച്ചത്. ഇപ്പോൾ പഠനം പൂർത്തിയായവർക്ക് കലോത്സവ പങ്കാളിത്തം നൽകാൻ സർവകലാശാലയോട് യൂനിയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സജാദ് പറഞ്ഞു. കലോത്സവം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് എം.എസ്.എഫ് നടത്തുന്നതെന്നും എസ്.എഫ്.ഐ നേതൃത്വം വിശദീകരിച്ചു.

Summary: MSF alleges that SFI is conducting financial fraud and fund collection under the guise of Calicut University Arts Festival

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News