മാസപ്പടി കേസിൽ ടി. വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ; നടപടിക്ക് കേന്ദ്രാനുമതി

സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു.

Update: 2025-04-03 16:34 GMT

ന്യൂഡൽഹി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം. കേന്ദ്ര കമ്പനി കാര്യമന്ത്രാലയം വീണയ്ക്കെതിരായ പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകി. സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വീണയുടെ എക്‌സാലോജിക് കമ്പനിക്കാണ് പണം നൽകിയിരിക്കുന്നത്. ഒരു സേവനവും നൽകാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. 

നേതാക്കൾക്ക് സിഎംആർഎൽ കോടികൾ നൽകിയെന്നും കണ്ടെത്തലുണ്ട്. ടി. വീണ, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് പ്രോസിക്യൂഷൻ നടപടിക്ക് അനുമതി. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertising
Advertising

കമ്പനീസ് ആക്ട് 447 വകുപ്പ് പ്രകാരമാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. മാസപ്പടി കേസ് അന്വേഷണത്തിൽ മെല്ലെപ്പോക്കാണെന്ന വിമർശനം ഉയർന്നിരുന്നു. ജനുവരി അവസാനത്തോടെ കേസിലെ അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ നടപടികൾക്കായി കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

നേരത്തെ, എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിൽ വീണ്ടും വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തയാറായിരിക്കെയാണ് കമ്പനി കാര്യമന്ത്രാലയം പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയത്.

സിഎംആർഎൽ സമർപ്പിച്ച ഹരജി ജൂലൈയില്‍ പരിഗണിക്കും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകും വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ ആവശ്യം ഹൈക്കോടതി തള്ളിയിട്ടുണ്ട്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News