Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊച്ചി: ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴല്ല, മറിച്ച് ഇടതുപക്ഷ മൂല്യങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോൾ മാത്രമാണെന്ന് ഗായകനും ഇടതുപക്ഷ സഹയാത്രികനുമായ സൂരജ് സന്തോഷ്. അധികാരം കിട്ടിയാലും ഇല്ലേലും പ്രത്യയശാസ്ത്രത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിനാകണം ഇടതുപക്ഷം നിലകൊള്ളേണ്ടതെന്നും സൂരജ് പറഞ്ഞു.
കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായ് വർഗീയ വിഷം തുപ്പുന്ന സാമുദായിക നേതാക്കന്മാരെ പിൻതാങ്ങിയും, പലതരത്തിലുള്ള പ്രീണനങ്ങൾ നടത്തിയുമല്ല ഇടതുപക്ഷം പ്രവർത്തിക്കേണ്ടതെന്നും സൂരജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം കണ്ടുകൊണ്ട് ഇന്നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ ആത്യന്തികമായി സഹായിക്കുന്നത് തീവ്രവലതുപക്ഷവാദികളെയാണ് എന്ന് അവർ തന്നെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.