വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി

നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു

Update: 2022-07-20 05:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വഖഫ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മുസ്‍ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. അന്ന് ഐ.യു.എം.എല്ലിന്‍റെ ഭാഗത്ത് നിന്നും ഉയർന്ന ഏകപ്രശ്നം നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. എന്നാല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത്  ഉന്നയിക്കുകയും പൊതു പ്രശ്നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ജൂലൈ 19നാണ് വഖഫ് ബോര്‍ഡിന്‍റെ യോഗം ഒഴിവു വരുന്ന തസ്തികകളിലേക്ക് പി.എസ്.സി മുഖേനെ നിയമനം നടത്തുന്നതിന് തത്വത്തില്‍ തീരുമാനമെടുക്കുന്നത്. ഇതു സംബന്ധിച്ച പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധനക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്ന ഘട്ടത്തിലോ നിയമസഭയിലെ ചര്‍ച്ചകളിലോ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടരുതെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്‍ലിം സാമുദായിക സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു.

അങ്ങനെ വന്നപ്പോള്‍ വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ മുസ്‍ലിം സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കൂ എന്ന് യോഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. യോഗത്തിലുയര്‍ന്നു വന്ന അഭിപ്രായം കൂടി പരിഗണിച്ചുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ ഉള്ളുവെന്നും അന്നുതന്നെ വ്യക്തമാക്കിയിരുന്നതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാരിന്‍റെ തുറന്ന മനസിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും അതിനോടൊപ്പം നില്‍ക്കുകയും ചെയ്തതാണ്. അതിന്‍റെ വെളിച്ചത്തില്‍ പി.എസ്.സി വഴി നടത്തുന്നതിനുള്ള യാതൊരു തുടര്‍നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മുസ്‍ലിം സംഘടന പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്നുള്ള നിയമഭേഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News