സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന കാര്യം; സോണിയയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് ശശി തരൂർ

കെപിസിസി പ്രസിഡൻറ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വമാണെന്നും ശശി തരൂർ

Update: 2022-03-20 12:40 GMT
Advertising

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യം തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കെപിസിസി പ്രസിഡൻറ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വമാണെന്നും ശശി തരൂർ പറഞ്ഞു. ഇപ്പോൾ വിവാദത്തിനില്ലെന്നും പാർട്ടിയിലെ പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ട്രേഡ് യൂണിയൻ സെമിനാറിൽ നേരത്തെയും പങ്കെടുത്തിട്ടുണ്ടെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. അത് സ്വാഭാവികമാണെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ വേദിയിൽ എന്തുപറയണം എന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെമിനാറിലെ വിലക്ക് പാർട്ടി തീരുമാനമാണെന്നും കെപിസിസി പ്രസിഡന്റ് നേരിട്ട് വിളിച്ചുവെന്നും അടിയുറച്ച പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ വി തോമസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയതായി അറിയില്ലെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. വിലക്ക് ഏർപ്പെടുത്തിയതായി കെ സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് തരൂർ പ്രതികരണം നടത്തിയിരുന്നത്. ഇയ് ശരിയായില്ലെന്ന നിലപാടിൽ നേതൃത്വം നിൽക്കവേയാണ് തരൂരിന്റെ പുതിയ പ്രസ്താവന. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ സെമിനാറിൽ പങ്കെടുത്താൽ കെ.പി.സി.സി ഹൈക്കമാൻഡിനെ സമീപിച്ചേക്കുമെന്ന് വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ സോണിയയുടെ സമ്മതം തേടുന്നത്.

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ. ഇതോടെ നേതാക്കൾ പങ്കെടുക്കുന്നത് വിലക്കാൻ തീരുമാനിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു തരൂർ. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ച നടത്തണമെന്നും തരൂർ പ്രതികരിച്ചു.

നേരത്തെ കെ റെയിലിന് എതിരായ നിവേദനത്തിൽ ഒപ്പ് വെയ്ക്കാതെ തരൂർ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് പാർട്ടി നിലപാടിനൊപ്പമാണെന്ന് വിശദീകരിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു.

നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചിരുന്നു.

The matter of attending the CPM seminar; Shashi Tharoor says he will decide after talking to Sonia Gandhi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News